കോഴിക്കോട്: പ്രേം നസീറിന്റെ മൂത്തമകൾ ലൈലാബീഗം (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് പറയഞ്ചേരിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഖബറടക്കം വ്യാഴാഴ്ച സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.1950 ഓഗസ്റ്റ് 24-ന് ചിറയിൻകീഴിൽ ആണ് ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽ.പി. സ്‌കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെന്റ് റോക്‌സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. നസീറിന്റെ 60 വർഷം പഴക്കമുള്ള ചിറയിൻകീഴിലെ വീടിന്റെ പേര് ലൈലാ കോട്ടേജ് എന്നാണ്. പ്രേം നസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്നൊരു ഓർമ പുസ്തകം രചിച്ചിട്ടുണ്ട്. നടൻ ഷാനവാസ് സഹോദരനാണ്. സഹോദരികൾ: റസിയ, റിത. അന്തരിച്ച റിട്ടയേർഡ് സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദാണ് ഭർത്താവ്. സജിത്ത്, സോജ എന്നിവരാണ് ലൈലയുടെ മക്കൾ.








