വിഖ്യാത ചലച്ചിത്രകാരൻ നാനാ പടേക്കർ അന്തരിച്ചു

പനജി: വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിന്ദി, മറാഠി സിനിമകളിൽ തന്റേതായ അഭിനയശൈലി കൊണ്ടു ശ്രദ്ധേയനായിരുന്നു. പതിറ്റാണ്ടുകളോളം ഹിന്ദി, മറാത്തി സിനിമകളിൽ സജീവമായിരുന്ന നാനാ പടേക്കർ ഇന്ത്യയിലെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്. നാടകങ്ങളിലും മറാത്തി, ഹിന്ദി സിനിമകളിലും വലിയ സംഭാവനകൾ നൽകി. ‘പരിന്ദ’, ‘അങ്കുഷ്’, ‘ക്രാന്തിവീർ’, ‘അഗ്നി സാക്ഷി’, ‘അബ് തക് ഛപ്പൻ’, ‘നടസമ്രാട്ട്’, ‘വെൽക്കം’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ അഭിനന്ദിക്കപ്പെട്ടു.’ക്രാന്തിവീർ’ എന്ന ചിത്രത്തിലെ അഭിയമികവിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. രജനികാന്തിനൊപ്പം ‘കാല’ എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘വൻവാസ്’, ‘ഹൗസ്ഫുൾ 5’, ‘ഓ റൊമീറ്റോ’ എന്നിവയാണ് അടുത്ത കാലത്തായി ഇറങ്ങിയ ചിത്രങ്ങൾ. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, നാല് ഫിലിംഫെയർ അവാർഡുകൾ , രണ്ട് മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , മറാത്തി ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2013 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. നാം ഫൗണ്ടേഷൻ സംഘടന വഴി ദുരിതബാധിതരായ ആയിരക്കണക്കിനു കർഷക കുടുംബങ്ങൾക്കു സാമ്പത്തിക സഹായം എത്തിച്ചു. 1999 ൽ നടന്ന കാർഗിൽ യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുകയും സൈനികർക്കൊപ്പം അതിർത്തിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഹോണററി ലഫ്റ്റനന്റ് കേണൽ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു. 1951 ജനുവരി 1 ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർഥ പേര്. നീലകണ്ഠി പടേക്കറാണ് ഭാര്യ, മകൻ മൽഹാർ പടേക്കർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page