കൊല്ലം: പൊലീസ് സബ് ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രണദേവാണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ ഉളിയക്കോവിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഏറെ വൈകിയിട്ടും പുറത്തുകാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടർന്ന് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. വീട്ടിൽനിന്ന് ആത്മഹത്യ കുറുപ്പ് കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക: ദിശ (DISHA) – 1056, മൈത്രി – 0484 2540530).








