കാസര്‍കോട്: കാറില്‍ കടത്തിയ 36626 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് കുഡ്‌ലുവില്‍ പിടിയില്‍. മധൂര്‍ ചെട്ടുംകുഴിയില്‍ താമസിക്കുന്ന തൃക്കരിപ്പൂര്‍ മീലിയാട്ട് സ്വദേശി സികെ മുഹമ്മദ് സഫീറി(27)നെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ കുഡ്‌ലു ആസാദ് നഗറിലെ ബസ് സ്‌റ്റോപിന് സമീപം നടന്ന വാഹന പരിശോധനയിലാണ് അനധികൃത പുകയിലക്കടത്ത് പിടികൂടിയത്. ചൗക്കി ഭാഗത്തുനിന്നും ഉളിയത്തടുക്ക ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിലാണ് പുകയില ഉല്‍പന്നമുണ്ടായിരുന്നത്. വാഹനം തടഞ്ഞ് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പരുങ്ങുന്നത് കണ്ടാണ് പൊലീസ് അകത്ത് പരിശോധന നടത്തിയത്. 11 ചാക്കുകളിലായി സീറ്റിലും ഡിക്കിയിലും പുകയിലഉല്‍പന്നങ്ങള്‍ കണ്ടെടുത്തു. സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും വില്‍പന നടത്താന്‍ എത്തിച്ചതാണ് ഇവയെന്ന് സഫീര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റുരേഖപ്പെടുത്തി. കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പിവി മനു, ജൂനിയര്‍ എസ്‌ഐ പ്രജിത്ത്, എഎസ്‌ഐ ജോസഫ്, പൊലീസുകാരായ ഷിജു, രഞ്ജിത്ത്, ജിതീഷ് എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്.







