കാസര്‍കോട്: കൂടാല്‍മെര്‍ക്കളയില്‍ വീട്ടുവരാന്തയില്‍ 51 കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലങ്കിനടുക്കയിലെ സവിത(51) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിക്കുന്ന കര്‍ണാടക ഷിമോഗ സ്വദേശി ചെന്നപ്പയാണ് അയല്‍വാസികളെ ഇവര്‍ മരിച്ച വിവരം അറിയിച്ചത്. വീട്ടുവരാന്തയിലെ ബെഡില്‍ കിടത്തിയ നിലയിലായിരുന്നു. കൈകള്‍ക്കും കാലിനും പരിക്കുണ്ടെന്നാണ് വിവരം. മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. വിവരത്തെ തുടര്‍ന്ന് കുമ്പള സിഐ ആര്‍പി അനൂപ് കൃഷ്ണയും സംഘവും സംഭവ സ്ഥലത്തെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈഫ് പദ്ധതിപ്രകാരം കെട്ടിയ വീട്ടിലാണ് സവിതയും ചെന്നപ്പയും താമസിക്കുന്നത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. കഴിഞ്ഞ 16 വര്‍ഷമായി ചെന്നപ്പ സവിതയുടെ കൂടെയാണ് താമസം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.







