തൃശൂര്‍: ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. ആണ്‍സുഹൃത്തിന്റെ കയ്യും കാലും തല്ലിയൊടിച്ച് ആശുപത്രിയില്‍ തള്ളി.
തിരുപ്പൂര്‍ സ്വദേശിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് യുവതിയും ആണ്‍ സുഹൃത്തും തൃശൂർ നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. ഈ വിവരമറിഞ്ഞ് യുവതിയുടെ ആണ്‍ സുഹൃത്തിന്റെ ഭാര്യ ഏർപ്പാടാക്കിയ ക്വട്ടേഷന്‍ സംഘം പൊലീസ് ചമഞ്ഞ് ലോഡ്ജില്‍ എത്തി. ഫോണ്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘം എത്തിയത്. മുറിയില്‍ അതിക്രമിച്ചു കയറിയ സംഘം യുവതി-യുവാക്കളുടെ കയ്യും കാലും കെട്ടി വായില്‍ തുണി തിരുകിയ ശേഷം കാറില്‍ കയറ്റി തിരുപ്പൂരിലേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടയില്‍ യുവാവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ച ശേഷം തിരുപ്പൂരിലെ ആശുപത്രിക്ക് മുന്നില്‍ തള്ളി. അതിന് ശേഷം യുവതിയെ മറ്റൊരു കാറില്‍ കയറ്റിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്താണ് അക്രമി സംഘം കടന്ന് കളഞ്ഞത്. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് കേസെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. തൃശൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ സംഘം പിടിയിലായത്.








