കണ്ണൂര്‍: എംഡിഎംഎ വില്‍പന നടത്താന്‍ ഡോക്ടര്‍മാരും രംഗത്ത്. മട്ടന്നൂരില്‍ എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയിലായി. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ.ഇര്‍ഷാദ്(33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറില്‍ ഡോ. സിദ്ധാര്‍ത്ഥ്(31) എന്നിവരെ ആണ് എക്‌സൈസ് പിടികൂടിയത്.
മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ കുടുങ്ങിയത്. ഒരാള്‍ ബെംഗളൂരുവിലെ പിജി മെഡിക്കല്‍ വിദ്യാര്‍ഥിയും മറ്റൊരാള്‍ കണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടറുമാണ്. എംഡിഎംഎ സൂക്ഷിക്കാനുപയോഗിച്ച ഇവരുടെ ഥാറും പിടികൂടിയിട്ടുണ്ട്. എംഡിഎംഎ വാങ്ങിയത് ബംഗളൂരുവില്‍ നിന്നാണെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇവരെ മട്ടന്നൂര്‍ കോടതി മുമ്പാകെ ഹാജരാക്കി.








