ബഹിരാകാശത്തിന് അവകാശികൾ മനുഷ്യർ മാത്രമാണെന്ന് ആരു പറഞ്ഞു? കുമ്പളയിൽ കാട്ടുവള്ളികളും മേലോട്ട്, മേലോട്ട് അങ്ങനെ

കുമ്പള: ബഹിരാകാശത്തെ വിശേഷങ്ങൾ മനുഷ്യർ മാത്രം അറിഞ്ഞാൽ മതിയോ? കുമ്പള ടൗണിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് സമീപത്തെ മൊബൈൽ ടവറിനെ മൂടി പച്ചിലപ്പടർപ്പ് അതിന്റെ മുകളറ്റം വരെ പൊതിഞ്ഞു കയറിക്കഴിഞ്ഞു. ആകാശത്ത് എന്തൊക്കെ നടക്കുന്നു. മുകളിൽ നിന്നു താഴേക്കു നോക്കുമ്പോൾ എന്തൊക്കെ വിസ്മയങ്ങൾ തോന്നുന്നു എന്തൊക്കെ കാട്ടുവള്ളികൾ വിലയിരുത്തുന്നു. മഴക്കാലത്ത് വേഗത്തിൽ വളരുന്ന വള്ളിപ്പടർപ്പുകളും, പച്ചിലകളും മൊബൈൽ ടവറിനെ മൊത്തം മൂടിയ കാഴ്ച കുമ്പളയിൽ കൗതുകമാവുന്നു. എന്നാൽ ഇത് മൊബൈൽ സർവീസിനെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

വള്ളിപ്പടർപ്പുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പോസ്റ്റുകളിലും, കണക്ഷൻ കമ്പികളിലും പടർന്ന് പന്തലിക്കുന്നത് വലിയ അപകട ഭീഷണിയും വൈദ്യുതി ശോഷണ ആശങ്കയും അപകട ഭീഷണിയും ഉയർത്തുന്നതിനിടയിലാണ് ആകാശം മുട്ടെ പച്ചിലപ്പടർപ്പുകൾ ഒത്തുപിടിച്ചു കയറുന്നത്. ഇത് ടവറിന്റെ സിഗ്നൽ തടസ്സപ്പെടുന്നതിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.

പച്ചിലപ്പടർപ്പുകൾ കാടുകയറുമ്പോൾ ആ പ്രദേശം പാമ്പുകളുടെയും, മറ്റ് വിഷ ജീവികളുടെയും താവളമായി മാറുന്നുമുണ്ട്. വള്ളിച്ചെടികൾ ടവറിന്റെ പ്രധാന വൈദ്യുതി കേബിളുകളിലും, ഫൈബർ കേബിളുകളിലും മുറുകെ പടർന്നു കയറുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. മഴക്കാലത്ത് ഇവയിൽ വെള്ളം കെട്ടി നിൽക്കുന്നത് ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ടവറിൽ സാങ്കേതിക തകരാറുകൾ ഉണ്ടാകുമ്പോൾ ജീവനക്കാർക്ക് മുകളിൽ കയറി അത് പരിഹരിക്കുന്നതിനു കാട്ടുപടർപ്പുകൾ വലിയ തടസ്സം സൃഷ്ടിക്കുമെന്നു ഉപഭോക്താക്കൾ ഭയക്കുന്നു. എന്നാൽ അങ്ങനെയൊരു ഭീതി ടവർ ഉടമകളെയും സംരക്ഷകരെയും അലട്ടുന്നേയില്ല.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉപയോഗ ശൂന്യമായതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ മൊബൈൽ ടവറുകൾ പൊളിച്ചു മാറ്റാത്തതും പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്നുണ്ട്. ഇരുമ്പ് ടവറുകൾ തുരുമ്പെടുത്ത് ബലക്ഷയം സംഭവിക്കുന്നത് കാറ്റിലോ, മഴയിലോ തകർന്നുവീഴാനും, ആളപായത്തിനും കാരണമായിക്കൂടെന്നില്ലെന്നു നാട്ടുകാർ ആശങ്കപ്പെടുന്നുമുണ്ട്.

ഒരു മൊബൈൽ കമ്പനി ടവർ നിർമ്മിക്കുമ്പോൾ സ്ഥലം ഉടമയുമായി ഉണ്ടാക്കുന്ന കരാറിൽ ടവർ പ്രവർത്തനം നിറുത്തിയാൽ അത് കമ്പനിയുടെ ചെലവിൽ പൊളിച്ചുമാറ്റി സ്ഥലം പൂർവസ്ഥിതിയിലാക്കി നൽകണമെന്നാണ് നിയമം. ഈ ഉത്തരവാദിത്വത്തിൽ നിന്ന് മൊബൈൽ കമ്പനികൾ ഒഴിഞ്ഞുമാറുന്നുവെന്ന ആക്ഷേപവുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page