മലപ്പുറം: വീട്ടമ്മയുടെ വിധവാ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരനായ സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് മൂര്‍ക്കനാട് ശാഖയിലെ ജീവനക്കാരന്‍ കെ.ടി നൗഫലിനെയാണ് ബാങ്ക് സസ്‌പെന്‍ഡ് ചെയ്തത്. സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമാണ് നൗഫല്‍. സംഭവത്തിന് പിന്നാലെ നൗഫലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു. വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് നടപടി. വിധവയുടെ പത്തു മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫൽ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത്. പെൻഷൻ തുക കിട്ടാത്തതിനെ തുടർന്ന് വീട്ടമ്മ ബാങ്കിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ബാങ്ക് അധികൃതർ നടത്തിയ അന്വേഷണത്തിൽ നൗഫൽ വ്യാജ ഒപ്പിട്ടാണ് തുക കൈക്കലാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു.
തട്ടിപ്പിനിരയായ വീട്ടമ്മ പൊലീസിലും പരാതി നൽകിയിരുന്നു. പൊലീസും അന്വേഷണം ആരംഭിച്ചു. ബാങ്ക് ജീവനക്കാർ വഴി പെൻഷൻ വിതരണം നിർത്താനുള്ള തീരുമാനത്തിനെതിരെ സിപിഎം നടത്തിയ സമരത്തിനും നൗഫൽ നേരത്തെ നേതൃത്വം നൽകിയിരുന്നു. മൂർക്കനാട് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സമരം. സംഭവം വിവാദമായതോടെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.








