ന്യൂഡൽഹി: ഇന്നുമുതൽ മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) അറിയിച്ചു. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ.ബി.എ) നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് തീരുമാനമായത്. ആഴ്ചയിൽ അഞ്ചു ദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി. ബാക്കി ആവശ്യങ്ങളിൽ വേഗത്തിൽ പരിഹാരം കാണുമെന്ന് ഉറപ്പ് ലഭിച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. സമരം പിൻവലിച്ചതോടെ തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുക എന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചാണ് മൂന്നുദിവസത്തെ സമരം പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിച്ചിരുന്നു. സെപ്റ്റംബർ 11ന് നടത്തിയ ഏകദിന രാജ്യവ്യാപക പണിമുടക്കിന്റെ തുടർച്ചയായാണ് മൂന്നുദിവസത്തെ സമരം പ്രഖ്യാപിച്ചിരുന്നത്. പണിമുടക്കിനെ തുടർന്ന് സേവനങ്ങൾ തടസ്സപ്പെട്ടേക്കാമെന്ന് എസ്.ബി.ഐ ഉൾപ്പെടെ പൊതുമേഖല ബാങ്കുകൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇനി ഉന്നതതല സമിതിയുടെ പഠനവും തുടർചർച്ചകളും ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങളിൽ നിർണായകമാകും.strike








