പാട്യാല: ക്യാമ്പസിലെ ഹോസ്റ്റലില്‍ പ്രേത ബാധയുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായെന്ന പ്രചരണങ്ങള്‍ക്കുപിന്നാലെ സ്വകാര്യ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ പൊലീസ് പട്രോളിംഗ് വാഹനത്തിന് കേടുപാടുകള്‍ വരുത്തി. വെളളിയാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധം ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. പട്യാലയിലെ ചിത്കര സര്‍വകലാശാലയില്‍ ആണ് സംഭവം. ഹോസ്റ്റലില്‍ ‘പ്രേത’മുണ്ടെന്ന് അവകാശപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയായിരുന്നു.
ഒരു വിദ്യാര്‍ത്ഥിനി കാമ്പസില്‍ ആത്മഹത്യ ചെയ്തുവെന്നും അവളുടെ ആത്മാവ് ഇപ്പോള്‍ ഹോസ്റ്റല്‍ താമസക്കാരെ വേട്ടയാടുന്നുണ്ടെന്നും വിഡിയോവില്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ ഈ വാദം തള്ളിക്കളയുകയായിരുന്നു. പ്രേതമുണ്ടെന്ന പ്രചരണത്തിന് പിന്നാലെയാണ് രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രാത്രി
പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് നിലവിളി കേട്ടതായും ചിലര്‍ പ്രചരിപ്പിച്ചു. പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാത്രി ക്യാമ്പസിന്റെ ഒരുഭാഗത്ത് ഒത്തുകൂടി. പ്രചരണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല അധികൃതര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ തിരിഞ്ഞു. വാഹനങ്ങള്‍ തകര്‍ത്തു. എന്നാല്‍ വിദ്യര്‍ഥികളെ കാണാതായിട്ടില്ലെന്ന് പൊലീസും സര്‍കലാശാലാ അധികൃതരും വിദ്യാര്‍ഥികളോട് പറഞ്ഞു. കാണാതായ പരാതിയുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്ന് പൊലീസ് വിദ്യാര്‍ഥികളെ ആശ്വസിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒരു ആംബുലന്‍സ് എത്തിയിരുന്നുവെന്നും ഇത് വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണത്തില്‍ ഹോസ്റ്റല്‍ മുറിയിലെ ചില വിദ്യാര്‍ഥിനികള്‍ സ്പീക്കര്‍ വച്ച് ഭയാനകമായ ശബ്ദമുണ്ടാക്കിയതായി വിവരം ലഭിച്ചു. വാര്‍ഡന്‍ എല്ലാമുറികളും സന്ദര്‍ശിച്ചിരുന്നു. അസ്വാഭാവികമായ ഒന്നും കണ്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ വിശ്വസിക്കരുതെന്ന് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ദേശം നല്‍കി. ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും രണ്ട് പൊലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രായം കണക്കിലെടുത്ത് തങ്ങള്‍ അവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല, പകരം അവരെ കൗണ്‍സിലിംഗ് ചെയ്യും. ആത്മഹത്യയെക്കുറിച്ചോ പെണ്‍കുട്ടികളെ കാണാനില്ലെന്നോ ഉള്ള കിംവദന്തിയെ പിന്തുണയ്ക്കുന്ന ഒന്നും ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്നും എസ്എച്ച്ഒ (ബാനൂര്‍) ഗുര്‍സേവക് സിംഗ് പറഞ്ഞു.








