കണ്ണൂർ: 22കാരിക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ചു എന്ന പരാതിയില്‍ കണ്ണൂരിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയ ജിജുവിനെ ബന്ധുക്കൾ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 7 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
ഒരാഴ്ച മുമ്പ് പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് ജിജു യുവതിയെ പരിചയപ്പെടുന്നത്.
യുവതിയുടെ നമ്പർ വാങ്ങിയ ജിജു സ്കറിയ വെള്ളിയാഴ്ച രാത്രി 9 മണിയോടെ യുവതിക്ക് വാട്സ്ആപ്പ് മെസേജുകൾ അയച്ച് തുടങ്ങി. സംഭവം യുവതി ഭർത്താവിനെയും സഹോദരനെയും അറിയിച്ചു. തുടർന്ന് ഭർത്താവ് യുവതി എന്ന വ്യാജേന ഫോണിലൂടെ സംഭാഷണം തുടരുകയും വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. വരാമെന്ന് പറഞ്ഞതോടെ യുവതിയുടെ ഭർത്താവ് വീടിന്‍റെ ലൊക്കേഷനും അയച്ചു കൊടുത്തു. പിന്നാലെ രാത്രി 11 മണിയോടെ ജിജു സ്കറിയ കണ്ണൂർ നഗര പരിധിയിലുള്ള യുവതിയുടെ വീട്ടിലെത്തി. ഇതോടെ ബന്ധുക്കൾ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ജിജു സ്കറിയയുടെ പരാതിയിൽ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന 12 പേർക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. നിയമവിരുദ്ധമായ സംഘം ചേരൽ, ആൾക്കൂട്ട വിചാരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പിടികൂടുന്ന സമയത്ത് യുവതിയും ഭര്‍ത്താവും നാട്ടുകാരും മർദ്ദിച്ചു എന്നുള്ളതാണ് ജിജുവിന്റെ പരാതി.








