ചണ്ഡീഗഢ്: കാമുകിയുമായുള്ള വിവാഹത്തിന് 21 വയസുവരെ കാത്തിരിക്കണമെന്ന് പറഞ്ഞ പിതാവിനെ 18 കാരനായ മകന്‍ വെടിവച്ചുകൊലപ്പെടുത്തി. ചണ്ഡീഗഡ് പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ നിതിന്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അര്‍മാന്‍ (18)അറസ്റ്റിലായി. വെള്ളിയാഴ്ചയാണ് കൊല നടന്നത്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലാണ് തലയ്ക്ക് വെടിയേറ്റ നിലയില്‍ നിതിന്‍ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് നാടന്‍തോക്കും പൊലീസ് കണ്ടെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ പ്രതിയായ അര്‍മാന്‍ തന്റെ കാമുകിയുമായി ഉടന്‍ വിവാഹം കഴിപ്പിക്കാന്‍ മാതാപിതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും 21 വയസ് തികഞ്ഞതിനുശേഷം മാത്രമേ വിവാഹം നടത്താന്‍ കഴിയൂ എന്നും അവര്‍ നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഇതേ വിഷയത്തെ ചൊല്ലി മാതാപിതാക്കളുമായി അര്‍മാന്‍ വഴക്കിട്ടിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം അര്‍മാനും നിതിനുമായി വാക്കുതര്‍ക്കമുണ്ടായതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. അര്‍മാന്‍ മാതാവിന്റെ കഴുത്തില്‍ പിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. അവര്‍ കുതറിമാറി രക്ഷപ്പെട്ട് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ എത്തുമ്പോഴേയ്ക്കും പിതാവിനെ വെടിവച്ചുകൊലപ്പെടുത്തിയിരുന്നു. സംഭവത്തിന് ശേഷം, പുറത്തുനിന്നുള്ള ആരോ വീട്ടില്‍ കയറി പിതാവിനെ കൊലപ്പെടുത്തിയതായി ചിത്രീകരിക്കാന്‍ അര്‍മാന്‍ ശ്രമിച്ചുവെന്ന് അയല്‍വാസി പറഞ്ഞു. ഈ വര്‍ഷം ചണ്ഡീഗഡില്‍ ബൈക്കില്‍ കാറിടിച്ച് രണ്ടുസഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ അടുത്തീടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.








