ഇടുക്കി: കട്ടപ്പനയില്‍ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ രോഗി മരിച്ചു. അണക്കര സ്വദേശി രാജനാണ് മരിച്ചത്. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ കട്ടപ്പന നഗരത്തിന് സമീപമുള്ള പാറക്കടവില്‍ വെച്ചായിരുന്നു ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് രാജനെ അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ശ്വാസംമുട്ടല്‍ രൂക്ഷമായതോടെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അണക്കരയില്‍ നിന്ന് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പാറക്കടവിന് സമീപമെത്തിയപ്പോള്‍ ആംബുലന്‍സിന്റെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകട സമയത്ത് രോഗിയും ഡ്രൈവറും ഉള്‍പ്പെടെ നാല് പേരാണ് ആംബുലന്‍സിനുള്ളില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവറെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.








