ഇസ്ലാമാബാദ്: മൂന്ന് വയസ്സുമാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ 60 വയസുകാരനായ വൃദ്ധന് വിവാഹം കഴിച്ചുനല്‍കാനായി പിതാവ് തന്നെ വിറ്റു. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ അതിര്‍ത്തി നഗരമായ ചമനിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് പിടികൂടിയെങ്കിലും സംഭവം വലിയ വിവാദമായതോടെ പെണ്‍കുട്ടിയെ പണത്തിന് പകരം സ്വന്തമാക്കാന്‍ ശ്രമിച്ച സലാ ഉദ്ദീന്‍ എന്ന 60-കാരന്‍ ഒളിവില്‍ പോയി. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ അതിക്രമത്തിനെതിരെ കടുത്ത നിലപാടാണ് ബലൂചിസ്ഥാന്‍ പൊലീസ് കൈക്കൊണ്ടിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന സലാ ഉദ്ദീനെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കേവലം 2.5 മില്യണ്‍ പാക്കിസ്ഥാനി രൂപയ്ക്കാണ് (ഏകദേശം 7,000 പൗണ്ട്) മൂന്നു വയസ്സുകാരിയെ പിതാവായ അബ്ദുള്‍ ബാഖി വയോധികന് കൈമാറാന്‍ കരാറുണ്ടാക്കിയത്. അതിര്‍ത്തി മേഖലകളില്‍ ഇന്നും നിലനില്‍ക്കുന്ന ‘വല്‍വാര്‍’ (ംമഹംമൃ) എന്ന കാലഹരണപ്പെട്ട അനാചാരത്തിന്റെ മറവിലായിരുന്നു ഈ ക്രൂരത നടന്നത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി പുരുഷന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് വന്‍തുക പണമായി നല്‍കുന്ന രീതിയാണിത്. കച്ചവടത്തിന്റെ കരാറുകള്‍ കടലാസില്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും പണം പൂര്‍ണമായി കൈമാറിയിരുന്നില്ല. എന്നാല്‍, മുഴുവന്‍ തുകയും നല്‍കുന്നതുവരെ പെണ്‍കുട്ടിയുടെ കുടുംബത്തിന് മറ്റൊരു വിവാഹാലോചന നടത്താന്‍ കഴിയില്ല. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെയാണ് പ്രാദേശിക ഭരണകൂടം ഇടപെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
അന്വേഷണത്തിനിടെ ഈ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയായ ഷുക്രിയ ബീബിയുടെ ദാരുണമായ കൊലപാതകത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു. കുച്‌ലാക്കില്‍ വെച്ചാണ് രണ്ടാഴ്ച മുമ്പ് ഷുക്രിയ ബീബി കൊല്ലപ്പെടുന്നത്. 60-കാരനായ സലാ ഉദ്ദീന്റെ മരുമകള്‍ കൂടിയായിരുന്നു കൊല്ലപ്പെട്ട ഷുക്രിയ ബീബി. ബീബിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ ഭര്‍ത്താവിനെ പൊലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണപ്രകാരം ഷുക്രിയയെ സലാഹുദ്ദീന്റെ മൂത്ത മകന്‍ കംറാന് അഞ്ച് ലക്ഷം രൂപ വാല്‍വറായി വാങ്ങി വിവാഹം ചെയ്തു നല്‍കിയിരുന്നു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും സ്വന്തമായി വീട് വാങ്ങാനുള്ള ആഗ്രഹവുമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പണം വാങ്ങി വിവാഹം കഴിപ്പിച്ചയക്കാന്‍ അബ്ദുള്‍ ബാഹിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഷുക്രിയയുടെ മരണവും ഈ ക്രൂരമായ ബാലവിവാഹ കരാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് വിപുലമായ അന്വേഷണം നടത്തുകയാണ്.








