പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കള്ള് ഷാപ്പിൽ കയറി കുടിച്ചു; ഒരാൾ ബസ്സിൽ ഛർദ്ദിച്ചു; വഴിയിൽ കുഴഞ്ഞുവീണു

കൊച്ചി: പതിനാറു വയസ്സുകാരായ രണ്ട് പെൺകുട്ടികൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കൊപ്പം കള്ള് ഷാപ്പിൽക്കയറി കൊതി തീരുവോളം കള്ളുകുടിച്ചു. അതിനുശേഷം വീടുകളിലേക്കുള്ള മടക്കയാത്രയ്ക്ക് ബസ്സിൽ കയറിയ സംഘത്തിലെ ഒരു പെൺകുട്ടി ബസ്സിൽ ഛർദ്ദിച്ചു വച്ചു. മുനമ്പത്ത് ബസ് ഇറങ്ങിയ പെൺകുട്ടി റോഡിൽ കുഴഞ്ഞു വീണു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ബസ് ജീവനക്കാരും നാട്ടുകാരും വിവരം മുനമ്പം പോലീസിനെ അറിയിച്ചു. റോഡിൽ വീണു കിടന്ന പെൺകുട്ടിയെ പോലീസ് ആശുപത്രിയിൽ എത്തിച്ച ശേഷം വിവരം വീട്ടുകാരെ അറിയിച്ചു. പെൺകുട്ടികളുടെ ബന്ധുക്കൾ പരവൂർ പോലീസിൽ പരാതിപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അറിയുന്നു. വടക്കൻ പറവൂർ ചെറായി റോഡിലെ ചേരായി പാടം കള്ളുഷാപ്പ് ഉടമക്കും ജീവനക്കാരനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കള്ളുഷാപ്പിൽ കുടിക്കാൻ എത്തിയവരുടെ പ്രായമൊന്നും കള്ള് ഷാപ്പ് ഉടമയും ജീവനക്കാരനും അന്വേഷിച്ചറിഞ്ഞിട്ടില്ലെന്ന് പറയുന്നു. മാത്രമല്ല, സംഘാംഗങ്ങൾ പ്രായപൂർത്തി ആവാത്തവരാണെന്ന് ഷാപ്പുടമയ്ക്കും ജീവനക്കാരനും അറിയാമായിരുന്നുവെന്ന് വ്യക്തമല്ലെന്ന് പോലീസും പറയുന്നു. അതേസമയം അമിതമായി കള്ള് കുടിച്ചതാണ് പെൺകുട്ടികൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവാൻ കാരണമെന്ന് ആശുപത്രി അധികൃതർ അഭിപ്രായപ്പെട്ടു. പെൺകുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുള്ളതായി അധികൃതർ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page