ഇരിട്ടി: മദ്യപിച്ച് ബഹളംവച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ അരിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ആദിവാസി യുവതി റിമാൻഡിൽ. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ൽ താമസിക്കുന്ന കവിത (29) യെയാണ് ആറളം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. അയൽവാസിയും ബന്ധുവുമായ സനൂപി(22)നെയാണ് മദ്യ ലഹരിയിലായിരുന്ന യുവതി ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി 10ഓടെയായിരുന്നു സംഭവം. മൂക്കിന് വെട്ടേറ്റ സനൂപിന്റെ കണ്ണിനും ഞരമ്പുകൾക്കും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.
യുവതി മദ്യപിച്ച് സ്ഥിരമായി ബഹളം വെക്കുന്നതിനെ തുടർന്ന് സനൂപിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന് ഉറങ്ങാൻ കഴിയാത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. സനൂപിന്റെ രണ്ടാനച്ഛന്റെ ഇപ്പോഴത്തെ ജീവിതപങ്കാളിയാണ് യുവതി. മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതിൽ വൈരാഗ്യം തോന്നിയ പ്രതി സനൂപിന്റെ വീട്ടുമുറ്റത്തെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.








