ടോക്കിയോ: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ചരിത്രനേട്ടവുമായി മലയാളി താരം വിദര്‍ശ കെ. വിനോദ്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വിദര്‍ശ വെള്ളിമെഡല്‍ നേടി. ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും വിദര്‍ശ സ്വന്തമാക്കി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദര്‍ശ കെ. വിനോദ്. ചരിത്രനേട്ടത്തോടെ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് താരം. വിദര്‍ശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡല്‍ നേടിയത്. വിദര്‍ശയുടെ ആദ്യത്തെ ഏഷ്യന്‍ ഗെയിംസാണിത്. 50 മീറ്റര്‍ റൈഫിള്‍ ഇനത്തിലും വിദര്‍ശ മത്സരിക്കുന്നുണ്ട്. ഇന്നത്തെ മെഡല്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് വിദര്‍ശ പറഞ്ഞു. 2018 ല്‍ എന്‍ സി സി യിലൂടെയാണ് ഷൂട്ടിംഗിലേക്ക് എത്തിയത്. സാധാരണ കുടുംബത്തില്‍ നിന്ന് കായികരംഗത്തേക്ക് കടന്നുവന്ന്, സ്വന്തമായി റൈഫിള്‍ പോലുമില്ലാതെ കടുത്ത പരിശീലനത്തിലൂടെയാണ് വിദര്‍ശ ഈ ചരിത്രനേട്ടത്തിലേക്ക് എത്തിയത്. കോഴിക്കോട് തിരുവമ്പാടി തമ്പലമണ്ണ കൊച്ചാലുങ്കല്‍ കെ.ഡി. വിനോദിന്റെയും അനിതയുടെയും മകളാണ്. വിദര്‍ശയുടെ ഈ ചരിത്രനേട്ടത്തില്‍ ആഹ്ലാദത്തിലാണ് കായിക കേരളം.








