ഗൊരഖ്പുര്‍: ഭാര്യയുമായി അവിഹിതമുണ്ടെന്ന സംശയത്തില്‍ പത്തൊന്‍പതുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നാം നാള്‍ പ്രതി പിടിയിലായി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. ബിഎസ്.സി വിദ്യാര്‍ഥിയായ ശുഭം എന്ന കാര്‍ത്തികേയയെയാണ് പ്രതി സന്തോഷ് മിശ്ര(28) വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 50 ഓളം സിസിടിവികളും മുന്നൂറോളം മൊബൈല്‍ നമ്പറുകളും പ്രദേശത്തുള്ളവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ശനിയാഴ്ച പ്രതിയെ അറസ്റ്റുചെയ്തതെന്ന് പൊലീസ് അറിയിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും, ധരിച്ചിരുന്ന രക്തം പുരണ്ട ബനിയനും മൊബൈല്‍ ഫോണും കണ്ടെടുത്തു. ശുഭവും പ്രതിയും അയല്‍വാസികളാണ്. ശുഭവും മിശ്രയുടെ ഭാര്യയും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. ശുഭം എന്നും വീട്ടില്‍ വന്ന് ഭാര്യയോടെ തമാശ പറയുന്നത് മിശ്രയ്ക്ക് അത്ര രസിച്ചില്ല. ഒരു ദിവസം ഭാര്യയുടെ മൊബൈല്‍ ഫോണില്‍ അവരുടെ ചാറ്റുകള്‍ വായിച്ചു. അതുകണ്ടപ്പോള്‍ മിശ്ര ഞെട്ടിപ്പോയി. വിവാഹ ശേഷം ഇതുവരെയും ഭാര്യയുമായി വഴക്കിട്ടിരുന്നില്ല. കഴിഞ്ഞ മൂന്നുമാസമായി പ്രതി മാനസീക സമ്മര്‍ദ്ദത്തിലായിരുന്നു. വീട്ടുകാരെല്ലാം പുറത്തുപോയ സമയത്ത് മിശ്ര ശുഭത്തെ പോയി കണ്ടു. ഭക്ഷണം വാങ്ങി നല്‍കി. വീട്ടില്‍ വരാന്തയില്‍ കിടന്നുറങ്ങവേ ശുഭത്തിന്റെ തലയില്‍ അരിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടുകൂട്ടുകാര്‍ വീട്ടിലെത്തിയപ്പോഴാണ് ശുഭത്തെ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടില്‍ അജ്ഞാതന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ചോദ്യം ചെയ്തതോടെ താനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സന്തോഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.








