പയ്യന്നൂര്: ചെറുപുഴയിലൊരു വ്യത്യസ്ത മോഷണം. പഴ്സ് മോഷ്ടിച്ച കള്ളന് പണമെടുത്ത് പഴ്സ് തിരികെ നല്കി. പഴ്സിലുണ്ടായിരുന്ന 1,500 രൂപ കള്ളന് കൊണ്ടുപോയി. എന്നാല് എടിഎം, പാന്, ആധാര് എന്നിവ ഉള്പ്പെട്ട പഴ്സ് തപാല്പെട്ടിയില് നിക്ഷേപിക്കുകയായിരുന്നു. നീലേശ്വരം സ്വദേശിയായ രാജീവന്റെ പഴ്സാണ് ബസില്വച്ച് കള്ളന് തട്ടിയെടുത്തത്. പയ്യന്നൂരിലേക്ക് വെല്ഡിങ് ജോലിക്കുപോവുകയായിരുന്നു യുവാവ്. പയ്യന്നൂരില് ബസ് ഇറങ്ങാന്നേരമാണ് പഴ്സ് നഷ്ടപ്പെട്ടതറിയുന്നത്. ബസില് മൊത്തം തപ്പിനോക്കിയെങ്കിലും കണ്ടെത്താനായില്ല. പഴ്സ് മോഷ്ടിച്ച കള്ളന് 25 കിലോമീറ്റര് അകലെയുള്ള ചെറുപുഴയിലെ തപാല്പെട്ടിയിലാണ് ഉപേക്ഷിച്ചത്. പോസ്റ്റുമാന് ഇത് ഓഫീസില് ഏല്പിച്ചു. പോസ്റ്റുമാസ്റ്റര് ആധാര് കാര്ഡിലെ അഡ്രസ് നോക്കി ഉടമയെ ബന്ധപ്പെട്ടു. തിങ്കളാഴ്ച രാവിലെ വന്ന് കൈപ്പറ്റാമെന്ന് ഉടമയായ രാജീവന് അവരെ അറിയിച്ചിരിക്കുകയാണ്. സംഭവത്തില് പൊലീസില് പരാതിയൊന്നും ലഭിച്ചിട്ടില്ല.








