ഗാന്ധിനഗർ: അഞ്ചു വയസുകാരിയായ മകളെ കൊന്ന ശേഷം പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അംറേലി ജില്ലയിൽ കെട്ടിട നിർമാണ സൂപ്പർവൈസറായ കിഷോര്‍ ധനകാണ് (40) മകള്‍ അഞ്ചു വയസുകാരിയായ ഹിമാന്‍ഷിയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് ദാരുണമായ സംഭവമുണ്ടായത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിലെ സൂചന. കിഷോറും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.സ്വന്തം വീട്ടിലായിരുന്ന ഭാര്യ മഞ്ജുബെൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബുധനാഴ്ച വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കിഷോര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ആത്മഹത്യ കുറിപ്പില്‍ നിന്നാണ് മകളുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിലുണ്ടെന്ന വിവരം ലഭിക്കുന്നത്. ബലൂണും മെഴുകുതിരികളും അടക്കം അലങ്കരിച്ച മുറിയിലാണ് കൊലപാതകം നടന്നത്. മൂന്നു ആത്മഹത്യാ കുറിപ്പുകൾ മുറിയില്‍ നിന്നും കണ്ടെത്തി. വ്യക്തിഗത വായ്പയെടുത്ത് കണ്‍സ്ട്രക്ഷന്‍ ജോലിക്കായി പണം ചെലവഴിച്ചെന്നാണ് ആദ്യ കുറിപ്പിലുണ്ട്. 7.25 ലക്ഷം രൂപ ലഭിക്കേണ്ടതായിരുന്നു, എന്നാല്‍ ബിസിനസ് സുഹൃത്തുക്കൾ ഒന്നും തിരിച്ചുനൽകിയില്ല. കൈവശം പണമില്ലെന്നും പരിഹാരം കണ്ടെത്താൻ കഴിയാത്തതിനാല്‍ മകളുമായി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും കുറിപ്പിലുണ്ട്. തന്‍റെ മരണശേഷം മകള്‍ ദുരിതത്തിലാകരുതെന്ന് കരുതിയാണ് മകളെ കൊലപ്പെടുത്തിയതെന്ന് രണ്ടാമത്തെ ആത്മഹത്യ കുറിപ്പിലുള്ളത്. മൂന്നാമത്തെ കുറിപ്പിലാണ് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച കാര്യം പറയുന്നത്. മകളെ വെളുത്ത വസ്ത്രം ധരിപ്പിച്ച് തലയിൽ ഒരു ദുപ്പട്ട ധരിപ്പിച്ചാണ് മൃതദേഹം ഫ്രിജിലേക്ക് മാറ്റിയത്. ഫ്രിഡ്ജില്‍ തലയണകൾക്കിടയിലായിരുന്നു മൃതദേഹം. കുട്ടിയുടെ ചുണ്ടിൽ തുളസി ഇലകളുണ്ടായിരുന്നു. മകളുടെ അവസാന പിറന്നാൾ ആഘോഷം പോലെ തോന്നിക്കുന്നൊരു പരിപാടി ഒരുക്കിയിരുന്നതായി സൂചനയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഹാപ്പി ബർത്ത്ഡേ’ എന്നെഴുതിയ കുറിപ്പും ഫ്രിഡ്ജിലുണ്ടായിരുന്നു. മുറിയിലെ വിഗ്രഹങ്ങളിൽ പൂജയും നടത്തിയിട്ടുണ്ട്. മുറിയിലും ഫ്രിഡ്ജിലും ചോക്ലേറ്റുകളും ഉണ്ടായിരുന്നു.’–എൽ.പി. ചൗധരി പറഞ്ഞു.








