കുമ്പള : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് കുമ്പളയിൽ എബിവിപി യും എസ്എഫ്ഐയും നടത്തിയ ആഹ്ലാദപ്രകടനം സംഘർഷത്തിന്റെ വക്കോളമെത്തിയെങ്കിലും പോലീസ് ഇടപെട്ട് സമാധാനം ഉറപ്പിച്ചു. കുമ്പള ഐ എച്ച്.ആർ.ഡി.കോളേജിലെ ഫലം അറിഞ്ഞ 15 സീറ്റിൽ 9 എണ്ണം എ.ബി.വി.പി.ക്കും അഞ്ചെണ്ണം എസ്എഫ്ഐക്കും ലഭിച്ചു. ഒരെണ്ണം കെഎസ്‌യു – എം എസ് എഫ് സഖ്യം നേടി. ഫല പ്രഖ്യാപനത്തെ തുടർന്ന് ജേതാക്കളെ അണിനിരത്തി റോഡിന്റെ ഇരു വശങ്ങളിൽ ഒപ്പത്തിനൊപ്പം വിജയാഹ്ലാദപ്രകടനം നടത്തിയ സംഘടന കൾ കുമ്പളയിലെ സിപിഎം ഓഫീസിന് അടുത്തെത്തിയപ്പോൾ മുഖാമുഖം നിന്ന് പോർ വിളിച്ചു. എന്തും സംഭവിക്കാവുന്ന സ്ഥിതി എത്തിയപ്പോൾ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വിജയാഹ്ലാദം മതിയാക്കി. ഇരു സംഘടനാ പ്രവർത്തകരെയും വീടുകളിലേക്കു പറഞ്ഞു വിട്ടു. വിദ്യാർത്ഥികളുടെ പരസ്പരമുള്ള വാശി പ്രകടനവും പോലീസ് ഇടപെടലും കാണാൻ വലിയൊരു വിഭാഗം ആളുകൾ ആകാംക്ഷയോടെസ്ഥലത്ത് എത്തിയിരുന്നു.







