കാണ്‍പൂര്‍: ഡോക്ടറുടെ അഭാവത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ രോഗികളെ ചികിത്സിച്ചത് ഡ്രൈവര്‍. മരുന്നിന് കുറിപ്പെഴുതി നല്‍കയതും ഇയാള്‍ തന്നെ. ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയായ കാന്‍ഷി റാം ജോയിന്റ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിലാണ് സംഭവം. കോടതിയില്‍ ഒരു കേസിന്റെ ആവശ്യത്തിനായി ഡോക്ടര്‍ രാംകേഷ് പുറത്തുപോയ സമയത്താണ് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഒപിയില്‍ കയറിയത്. പിന്നീട് രോഗികളെ പരിശോധിക്കുക മാത്രമല്ല, കുറിപ്പടി എഴുതി മരുന്നുകള്‍ കുറിച്ചു നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിയ രോഗികളെ അകത്തേക്ക് വിളിക്കുന്നതും, രോഗവിവരങ്ങള്‍ വിശദമായി ചോദിച്ചറിയുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഇതിനുപുറമേ, കുറിപ്പടി എഴുതിക്കൊടുക്കുന്നതിനിടെ ചില മരുന്നുകള്‍ നിലവില്‍ ആശുപത്രിയില്‍ ലഭ്യമല്ലെന്നും അത് പുറത്തുനിന്ന് വാങ്ങേണ്ടി വരുമെന്നും ഡ്രൈവര്‍ ഉപദേശിക്കുന്നുമുണ്ട്. ബുധനാഴ്ച ഉച്ചയോടെ മുറിയിലെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. സംഭവം വൈറലായതോടെ വന്‍ വിമര്‍ശനമാണ് ആശുപത്രി അധികൃതര്‍ക്കെതിരെ ഉയര്‍ന്നത്. അധികൃതര്‍ ഡോക്ടറോട് വിശദീകരണം തേടി.
ഡോക്ടറോട് അടിയന്തരമായി വിശദീകരണം തേടിയതായി ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പിയൂഷ് മിശ്ര അറിയിച്ചു. അതേസമയം, തന്റെ ഡ്രൈവര്‍ രോഗിക്ക് കുറിപ്പടി നല്‍കിയ കാര്യം ഡോക്ടര്‍ രാംകേഷ് സമ്മതിച്ചിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയ രോഗി തന്റെ വ്യക്തിപരമായ പരിചയക്കാരനായിരുന്നു എന്നും, സംഭവത്തിന് പിന്നാലെ ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും ഡോക്ടര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.








