ന്യൂഡല്‍ഹി: അടുത്തമാസം വിവാഹം നടക്കാനിരിക്കെ യുവാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.
ഡല്‍ഹി സ്വദേശിയായ യുവരാജ് സിങ് മഞ്ചന്ദയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ മുന്‍ സഹപ്രവര്‍ത്തകയും പങ്കാളിയുമാണെന്ന് പൊലീസ് കണ്ടെത്തി. സമ്പത്തിക തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് വിവരം. ഈ മാസം 6ന് കുടുംബത്തോടൊപ്പം വിവാഹവസ്ത്രങ്ങള്‍ എടുത്ത ശേഷം തനിക്ക് അടിയന്തരമായി ഗുഡ്ഗാവില്‍ പോകണമെന്ന് യുവരാജ് വീട്ടുകാരോട് പറഞ്ഞിരുന്നു. ഗുഡ്ഗാവിലേക്ക് പോയ യുവരാജ് എട്ടാം തിയതി സഹോദരിമാര്‍ക്ക് വാട്‌സാപ് സന്ദേശമയച്ചു. തിരിച്ചു ബന്ധപ്പെട്ടപ്പോള്‍ പ്രതികരണമൊന്നും ലഭിച്ചില്ല. ഫോണിലും വിളിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് 11ന് ബന്ധുക്കള്‍ ലജ്പത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതിനിടെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താല്‍ സെപ്റ്റംബര്‍ 14ന് മൃതദേഹം പൊലീസിന്റെ നേതൃത്വത്തില്‍ സംസ്‌കരിച്ചു. ഈ വിവരം വീട്ടുകാര്‍ അറിയുന്നത് രണ്ടുദിവസം കഴിഞ്ഞാണ്. കൊലയെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവരാജിന്റെ മുന്‍ സഹപ്രവര്‍ത്തകയായ വത്സ എന്ന യുവതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. കൊല്ലപ്പെടുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ ഫോണില്‍ ബന്ധപ്പെട്ടത് ആ സ്ത്രീയായിരുന്നു. ഉത്തരാഖണ്ഡില്‍ ഒളിവില്‍ കഴിയുകയായിരുന്ന വത്സയേയും പങ്കാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തി. മൃതദേഹം ഗുഡ്ഗാവിലെ ഓടയില്‍ തള്ളിയതായി പ്രതികള്‍ സമ്മതിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കോടതി പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.








