കാഞ്ഞങ്ങാട്: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വെള്ളിക്കോത്ത് സ്വദേശി പത്മനാഭൻ (60) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വീട്ടിൽ പൊള്ളലേറ്റ നിലയിൽ പത്മനാഭനെ കണ്ടെത്തിയത്. തുടർന്ന് കാഞ്ഞങ്ങാട്ട് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് സഹോദരൻ ചെറുവത്തൂർ ഓരിയിലെ പി.കെ. ജനാർദ്ദനൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ബന്ധുക്കളായ സ്ത്രീകളെയും കുട്ടിയെയും മർദിച്ച സംഭവത്തിൽ പത്മനാഭനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ തീ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആസ്വാഭാവിക മരണത്തിന് കേസെടുത്ത ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.







