കാസര്‍കോട്: ദേശീയപാതയിലൂടെ ഓടുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ സമയക്രമം പാലിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെ ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഒരുമിച്ചു ഓടുന്നത് നിയമം ലംഘിച്ചാണെന്നും ആക്ഷേപം. ബസ്സുകള്‍ ഒന്നിച്ചുവരുമ്പോള്‍ സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ്സുകള്‍ യാത്രക്കാരെ എടുക്കാതെ ദേശീയപാതയിലൂടെ മത്സരിച്ച് ഓടുന്നതും പതിവാണ്. ഇത് പതിവ് നേര്‍ക്കാഴ്ചയാണെന്ന് യാത്രക്കാര്‍ പറയുന്നു.
കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കേരളാതി ര്‍ത്തിയായ തലപ്പാടിയിലെത്തി കാല്‍ യാത്രക്കാര്‍ ഇറങ്ങേണ്ട സ്ഥലങ്ങള്‍ കണ്ടക്ടര്‍ ചോദിച്ചറിയും. ഈ വിവരം ഡ്രൈവറെ അറിയിക്കുകയും ചെയ്യും. യാത്രക്കാര്‍ ഇറങ്ങാനില്ലാത്ത സ്റ്റോപ്പുകളെ ഒഴിവാക്കി പിന്നീട് ബസ്സുകള്‍ ദേശീയപാതയിലൂടെ കുതിക്കും.
സര്‍വ്വീസ് റോഡില്‍ കെഎസ്ആര്‍ടിസി ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാരെയൊന്നും ഇവര്‍ക്ക് വേണ്ട. വരുമാന നഷ്ടം ഒന്നും ജീവനക്കാര്‍ക്ക് ബാധകമല്ലല്ലോ. ഇത് മൂലം യാത്രക്കാര്‍ കുറെ സമയം സര്‍വ്വീസ് റോഡില്‍ ബസ് കാത്തു നില്‍ക്കേണ്ടിവരുന്നു. കെഎസ്ആര്‍ടിസിയുടെ ബസ്സുകള്‍ ഒന്നിച്ച് ഓടുന്നത് കാരണവും,സര്‍വീസ് റോഡിനെ ഒഴിവാക്കുന്നതുമൂലവും മണിക്കൂറുകളോളമാണ് യാത്രക്കാര്‍ ബസ്സിനായി സര്‍വീസ് റോഡില്‍ കാത്തിരിക്കേണ്ടി വരുന്നത്.
അതിനിടെ പ്രിയദര്‍ശിനി ‘സൗജന്യ യാത്ര’ ബസ് ജീവനക്കാരുടെ ‘ഔദാര്യം’ പോലെ കാണുന്നതായും ബസ്റ്റോപ്പുകളില്‍ കൂടുതല്‍ സ്ത്രീകളെ കണ്ടാല്‍ ബസ് നിര്‍ത്താതെ പോകുന്നതായും സ്ത്രീയാത്രക്കാര്‍ക്ക് പരാതിയുണ്ട്.
കെഎസ്ആര്‍ടിസി ബസുകള്‍ തലപ്പാടി മുതല്‍ കാസര്‍കോട് വരെ സമയം ക്രമം പാലിച്ച് ഓടാനും സര്‍വീസ് റോഡിലൂടെ തന്നെ സര്‍വീസ് നടത്താനും, സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താനും മോട്ടോര്‍ വാഹന വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നു യാത്രക്കാര്‍ ആവശ്യപ്പെടുന്നു.







