കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് കാസര്‍കോട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. ഉപ്പള, മംഗല്‍പാടി, കൃഷ്ണനഗറിലെ പരേതനായ ഭോജയുടെ മകന്‍ രഞ്ജിത്ത്(38)ആണ് ഇന്നലെ (വ്യാഴം) വൈകുന്നേരം മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു.
അഞ്ചു ദിവസം മുമ്പ് പനി ബാധിച്ച രഞ്ജിത്ത് കുമ്പളയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനി കുറയാത്തതിനെ തുടർന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
അറിയപ്പെടുന്ന കബഡി കളിക്കാരന്‍ കൂടിയായിരുന്നു രഞ്ജിത്ത്. മാതാവ്: പത്മാവതി. സഹോദരങ്ങള്‍: വിജയ കെ ആര്‍, സതീശ, സുനില്‍, തുളസി കുമാര്‍, ഉദയ, ദിനേശ, സുജിത്ത്, സച്ചിന്‍, പ്രേമ, ഭവന്തി, സുനിത.
മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയില്‍ രണ്ടു ദിവസത്തിനുള്ളില്‍ മരണപ്പെട്ട രണ്ടാമനാണ് രഞ്ജിത്ത്. കഴിഞ്ഞ ദിവസം കോട്ടപ്പാറയില്‍ താമസക്കാരനായ ബദിയഡുക്ക, നെല്ലിക്കട്ട സ്വദേശി ഡി. രാധാകൃഷ്ണന്‍ (48)മരിച്ചിരുന്നു.
അതേ സമയം ജില്ലയില്‍ പനി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പനിയും ചുമയും ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.







