കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ തിരുവനന്തപുരം സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം സ്വദേശിനി ഫ്ലോറന്‍സിയെ (36) ആണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയപ്പോള്‍ നഗ്‌നമായ നിലയില്‍ ആയിരുന്നു. വീടിന്റെ പിന്നിലെ വാതില്‍ തുറന്നിരുന്നു. അതിനാല്‍ കൊലപാതക സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടകവീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം വന്നിരുന്നത്. മരണത്തില്‍ വന്‍ ദുരൂഹത ഉണ്ടെന്ന് പൊലീസ് പറയുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാലു മാസം മുന്‍പാണ് ഫ്ലോറന്‍സി അങ്കമാലി കറുകുറ്റിയിലുള്ള ഈ വീട്ടിലേക്ക് താമസം മാറ്റിയത്. അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തിയാണ് ഇവര്‍ ഉപജീവനം കഴിച്ചിരുന്നത്.
ഏതാനും ദിവസമായി ഇവരെ വിളിച്ചിട്ടു കിട്ടാതിരുന്നതിനാല്‍ ബ്രോക്കര്‍ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയെ വിവരമറിയിക്കുകയായിരുന്നു. അടച്ചിട്ട വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡുമടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.








