കടുത്ത പനിയും ശരീരവേദനും ബാധിച്ചതിനെത്തുടര്‍ന്ന് നടി മമിത ബൈജു ആശുപത്രിയില്‍. ഇതേ തുടര്‍ന്ന് ഈ ആഴ്ച നടത്താനിരുന്ന ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം മമിത ഉപേക്ഷിച്ചു. ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു മമിത.
നിര്‍ഭാഗ്യവശാല്‍, പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനായി സാധിക്കില്ല. ഞാനിപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും നടി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ വന്നേനെ, പക്ഷേ ഡോക്ടര്‍മാര്‍ പൂര്‍ണമായും വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നു നടി പറയുന്നു. ഈ കുടുംബത്തിലേക്ക് വരാന്‍ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തില്‍ ഇത് നടക്കട്ടെയെന്നും നടി പറഞ്ഞു.
കടുത്ത പനിയും ശരീരവേദനയും അലര്‍ജിയും ആസ്മാറ്റിക്കും ആയതിനാല്‍ ഒരുകാരണവശാലും യാത്ര വേണ്ടെന്നാണ് മമിതയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. വിഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. എത്രയും പെട്ടെന്ന് മമിതയുടെ പനി മാറി, വീണ്ടും സജീവമാകട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം മമിത നായികയായെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റ് ആയി മുന്നേറുകയാണ്. ബെത്ലേഹം കുടുംബ യൂണിറ്റ് കൂടി 200 കോടി പിന്നിട്ടതോടെ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളാണ് മമിതയുടേതായി 200 കോടി ക്ലബില്ലെത്തിയിരിക്കുന്നത്. ഈ വിജയം അങ്ങ് ഓസ്ട്രേലിയയില്‍ ഇരുന്നായിരുന്നു മമിത ആഘോഷിക്കേണ്ടിയിരുന്നത്. എന്നാല്‍ താരത്തെ പനി മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.








