നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയക്കെടുതി: നേപ്പാളിലും തിബറ്റിലും ഉണ്ടായ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 65 ആയി ഉയർന്നു.113 ഇന്ത്യക്കാരുൾപ്പെടെ 3,000-ത്തോളം പേരെ കാണാതായിട്ടുണ്ട്.
പ്രളയ ബാധിതർക്ക് അമേരിക്ക 3.6 മില്യൺ ഡോളറിന്റെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
ഉക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തിരിച്ചടിയായി റഷ്യൻ അതിർത്തി മേഖലയായ ബെൽഗൊറോഡിൽ ഉക്രെയ്നും ഡ്രോൺ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
അമേരിക്ക – വെനസ്വേല എണ്ണക്കരാർ: യുഎസ് വെനസ്വേലയുമായി പുതിയ എണ്ണക്കരാറുകളിൽ ഏർപ്പെടാൻ തീരുമാനിച്ചതായി യുഎസ് ഭരണകൂട പ്രഖ്യാപനങ്ങൾ പുറത്തുവന്നു.
വിദേശ മാധ്യമങ്ങളുമായുള്ള ബന്ധം പൂർണ്ണമായും കുറ്റകരമാക്കുന്ന രീതിയിൽ കർശന നിയമങ്ങൾ കൊണ്ടുവരാൻ ഇറാൻ നീക്കം ആരംഭിച്ചു.
ഇസ്ലാമാബാദിലെ പ്രസവാശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 15 നവജാതശിശുക്കൾ മരിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
മുസ്‌ലിങ്ങൾ ഇന്ത്യയിൽ ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവർ യഥാർത്ഥ ഹിന്ദുവല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിൽ നടന്ന അന്താരാഷ്ട്ര പരിപാടിയിൽ സംസാരിക്കവെ വ്യക്തമാക്കി. എല്ലാ മതപരമായ പാതകളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി എംപിമാർക്ക് പാർട്ടി നേതൃത്വത്തിന്റെ മുന്നറിയിപ്പ്: 1984-ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ജയിലിൽ കഴിയവെ മരണപ്പെട്ട മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന്റെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ച മൂന്ന് ബിജെപി എംപിമാരെ പാർട്ടി ദേശീയ നേതൃത്വം വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.
മമത ബാനർജിക്കെതിരെ കേസ്: തൃണമൂൽ ഛത്രപരിഷത്തിന്റെ റാലിയുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി നൽകിയ ഉത്തരവുകളും ഗതാഗത നിയന്ത്രണ നിർദേശങ്ങളും ലംഘിച്ചതിന് മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് സ്വമേധയാ കേസെടുത്തു.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ് പ്രതി, പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചു.
മലപ്പുറം മഞ്ചേരിയിൽ 12 കോടി രൂപയോളം വിലമതിക്കുന്ന 10 കിലോഗ്രാമിലധികം എം.ഡി.എം എ ലഹരിമരുന്നുമായി 3 പേരെ പൊലീസ് പിടികൂടി.
പൊലീസിന് നേരെ ആക്രമണം: കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസുകാരനെ സിറിഞ്ച് കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.
കണ്ണൂർ സബ് ജയിലിൽ ആക്രമണം: കാപ്പാ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജയിൽ ഉദ്യോഗസ്ഥനും തടവുകാരനും പരിക്കേറ്റു.
മോട്ടോർ വാഹന വകുപ്പിന്റെ 60 വോളം സേവനങ്ങൾക്കായി ഇനി ആധാർ ഒ.ടി.പി.. നിർബന്ധമാക്കി.
കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോടതി ജീവനക്കാരനായ യുവാവ് കൊല്ലപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ തടഞ്ഞുവെച്ച ഡി.എഫ്.ഒയെ പിന്നീട് വിട്ടയച്ചു.
തൃശ്ശൂർ പുലിക്കളി: തൃശൂർ സ്വരാജ് റൗണ്ടിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി വൈകുന്നേരം പുലിക്കളി മഹോത്സവം അരങ്ങേറി.
കർണാടകയിലെ പുത്തൂരിൽ നിന്ന് മോഷ്ടിച്ച വാൻ തമിഴ്‌നാട്ടിൽ ആംബുലൻസാക്കി മാറ്റി സർവീസ് നടത്തിയ സംഭവത്തിൽ കാസർകോട് സ്വദേശികളായ മൂന്നുപേർ ഉൾപ്പെടെ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് വഴിയുള്ള ട്രയിനിൽ നിന്ന് ഐപാഡും മൊബൈൽ ഫോണും കവർന്ന മധ്യപ്രദേശ് സ്വദേശിയെ റെയിൽവേ പോലീസ് 24 മണിക്കൂറിനകം പിടികൂടി.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സർവീസ് റോഡുകൾക്ക് അരികെ നടപ്പാതകളിൽ തടസ്സം സൃഷ്ടിക്കുന്നതിനെതിരെ നിർമാണ കമ്പനിക്ക് അധികൃതർ നിർദേശം നൽകി.
അപകട ഭീഷണി ഉയർത്തി പടന്നക്കാട് മേൽപ്പാലം: ദേശീയപാതയിലെ പടന്നക്കാട് മേൽപ്പാലത്തിൽ കുഴികൾ രൂപപ്പെട്ടത് യാത്രാദുരിതത്തിനും അപകട ഭീഷണിക്കും ഇടയാക്കുന്നതായി പരാതി.
ജില്ലയിലെ തീരദേശ മേഖലകളിൽ കാറ്റിനും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് മൂലം മംഗളൂരു ഉൾപ്പെടുന്ന തീരദേശത്തെ ജനവാസ മേഖലകൾ പരിസ്ഥിതി ലോല പ്രദേശങ്ങളായി മാറും എന്ന ആശങ്കയെത്തുടർന്ന് വിധാന് സൗധയിൽ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് എം.എൽ.സി ഐവൻ ഡിസൂസ ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന ഗണേശോത്സവത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പാക്കാൻ പോലീസിന്റെ കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രാത്രി 10 മണിക്ക് ശേഷംമംഗളൂരുവിൽ സൗണ്ട് സിസ്റ്റങ്ങളും ഡിജെയും ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
8 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ: കോടതി നടപടികളിൽ നിന്ന് ഒഴിഞ്ഞ് മാറി എട്ട് വർഷമായി ഒളിവിലായിരുന്ന 45-കാരനെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.








