ഷിറിയ പുഴയിലെ പാച്ചാണിയില്‍ അനധികൃത മണല്‍കടത്ത്; രണ്ട് ലോറികള്‍ കുമ്പള പൊലീസ് പിടികൂടി

കാസര്‍കോട്: ഷിറിയ പുഴയിലെ പാച്ചാണിയില്‍ അനധികൃത മണല്‍കടത്ത് സജീവമായി. കുമ്പള പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് ലോറികള്‍ പിടികൂടി. ഡ്രൈവര്‍മാര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എസ് ഐ എസ് അനൂപിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അനധികൃത പൂഴിമണല്‍ കടത്ത് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പാച്ചാണിയിലെ കടവിലെത്തിയത്. ബിസി റോഡിന് സമീപത്തുവച്ച് മണല്‍കടത്തി പോകുന്ന ഒരു ലോറി പൊലീസ് പിടികൂടിയെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ടു. മറ്റൊരു ലോറി പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്നു. സുബയ്യക്കട്ടയിലെ നീര്‍പന്തി എന്ന സ്ഥലത്തെ കയറ്റത്തില്‍ വച്ച് ലോറിയില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങിയോടി. ഇതോടെ ലോറി പിറകോട്ട് നീങ്ങി റോഡരികിലെ തോട്ടില്‍ മറിഞ്ഞു. ലോറിയിലെ മണല്‍ മുഴുവന്‍ തോടില്‍ പതിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ലോറിയെ ഉയര്‍ത്തി സ്‌റ്റേഷനിലെത്തിച്ചു. മണലിന്റെ സാമ്പിളുകളും പൊലീസ് ശേഖരിച്ചു. കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ നിയമ വിരുദ്ധമായി മണല്‍കടത്തിയതിനും സര്‍ക്കാര്‍ മുതലായ മണല്‍ മോഷ്ടിച്ചു കടത്തിയതിനും കേസെടുത്തു. എഎസ്‌ഐ അതുല്‍ റാം, സിപിഒ സുധീഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും അനധികൃത മണല്‍കടത്ത് പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page