ബെംഗളൂരു: 2006-ല്‍ കൊല്ലൂരില്‍ ശാന്തയെ കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലര്‍ ‘സയനൈഡ്’ മോഹന്‍ എന്ന മോഹന്‍ കുമാറിനെ വെറുതെവിട്ട വിധി കര്‍ണാടക ഹൈക്കോടതി ശരിവച്ചു. സാഹചര്യ തെളിവുകള്‍ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നു കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കീഴ്ക്കോടതി വിധിയില്‍ തെറ്റില്ലെന്ന് കണ്ടെത്തിയിരുന്നു. വിചാരണക്കോടതി കുറ്റവിമുക്തമാക്കിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എച്ച് പി സന്ദേശും ജസ്റ്റിസ് ബി പ്രമോദും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി.
രാജേഷ്’ എന്ന വ്യാജ പേര് ഉപയോഗിച്ച് മംഗളൂരുവിലെ കങ്കനാടിയിലെ ശാന്ത എന്ന സ്ത്രീയെ പരിചയപ്പെട്ട ശേഷം അടുപ്പം കാട്ടുകയും വിവാഹ വാഗ്ദാനം നല്‍കി 2006 നവംബര്‍ 9 ന് കൊല്ലൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊല്ലൂരിലെ ഒരു ഗസ്റ്റ് ഹൗസില്‍ വെച്ച് ശാന്തയുമായി മോഹന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മുറിയില്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് കൊല്ലൂരിലെ സ്വര്‍ണ്ണമുഖി മണ്ഡപത്തിന് സമീപമുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് മോഹന്‍ യുവതിക്ക് സയനൈഡ് നല്‍കുകയായിരുന്നു. കുഴഞ്ഞുവീണ യുവതി അപ്പോള്‍ തന്നെ മരിച്ചിരുന്നു. ശേഷം മോഹന്‍ ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തി യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്ത് ഓടി രക്ഷപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സയനൈഡ് വിഷബാധ മൂലമാണ് മരണ സാധ്യതയെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശാന്തയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് രണ്ടുപേരെ ചോദ്യം ചെയ്തിരുന്നു. ആരോപണത്തെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും അഴുകിയിരുന്നതിനാല്‍, സയനൈഡ് വിഷബാധ മൂലമാണ് യുവതി മരിച്ചതെന്ന് ഉറപ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. അതുപോലെ മോഹന്‍ ശാന്തയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ഥാപിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു. മോഹനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന ഏതെങ്കിലും സാഹചര്യ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. വിചാരണക്കോടതിയുടെ കുറ്റവിമുക്തമാക്കിയ വിധിയില്‍ ഒരു പോരായ്മയും കാണാതെ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി. സീരിയല്‍ കില്ലര്‍ മോഹന്‍ മലാളികളടക്കം 20 സ്ത്രീകളെയാണ് സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്.








