കാസർകോട്: കലമുടയ്ക്കാൻ ഓണാഘോഷത്തിന് വടിയുമെടുത്ത് ഇറങ്ങിയ വൊർക്കാടി പഞ്ചായത്തിലെ കോൺഗ്രസ് വനിതാ മെമ്പർ ഗായത്രി , കളി നിയന്ത്രിക്കാൻ നിന്ന സിപിഐ മെമ്പർ പൂർണിമയുടെ തലയ്ക്ക് വച്ചുകൊടുത്തു. കലം പൊട്ടിക്കൽ നിയന്ത്രിച്ചിരുന്ന പൂർണിമ തലയിൽ വച്ചിരുന്ന തൊപ്പി അടിയേറ്റ് പറക്കുന്നത് കാണാൻ രസകരമായിരുന്നു. തലയിൽ കൈകൾ പൊത്തിപ്പിടിച്ചിരുന്നതുകൊണ്ട് ഒരു വിരലിന് അടിയേറ്റു. തലയ്ക്ക് അടിയുടെ ആഘാതം ഉണ്ടായെങ്കിലും പുറത്തുകാണാൻ തക്ക പരിക്കൊന്നു മുണ്ടായിരുന്നില്ല. കലം ഉടയ്ക്കാൻ ഇറങ്ങുന്ന വനിതാ മെമ്പർമാർക്ക് കണ്ണ് കെട്ടിക്കൊടുത്തിരുന്നത് ബിജെപി മെമ്പർ തുളസി കുമാരി ആയിരുന്നെന്നു നാട്ടുകാർ പറയുന്നു. കോൺഗ്രസിന്റെ കൈയിൽ നിന്നു സിപിഐക്കു രണ്ടു കിട്ടുന്നെങ്കിൽ ആയിക്കോട്ടെന്നു കരുതി കണ്ണ് കെട്ടിക്കൊടുത്തതു കൊണ്ടായിരിക്കും സിപിഐ മെമ്പറുടെ തലയ്ക്ക് തന്നെ പൊളി വീണതെന്ന് കാണികൾ പറയുന്നു .അല്ലെങ്കിൽ തന്നെ നാട്ടുകാർക്ക് എന്തും പറയാമല്ലോ. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വസന്തി പിന്നീട് കലമുടച്ചു . 22ന് നടന്ന വൊർക്കാടി പഞ്ചായത്ത് ഓണാഘോഷത്തിലാണ് കോൺഗ്രസ്, സിപിഐക്ക് ഒരു പാഠം പഠിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു. സദ്യ കഴിച്ച് വിശ്രമിച്ച ശേഷം ആയിരുന്നു ഓണാഘോഷം. പല കളികളും ഉണ്ടായിരുന്നു. കൂട്ടത്തിൽ ഒന്നായിരുന്നു കലമുടക്കൽ .പഞ്ചായത്ത് മെമ്പർമാർക്കും ജീവനക്കാർക്കും ആയിരുന്നു മത്സരം. മത്സരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് പഞ്ചായത്തിലെ കലമുടയ്ക്കൽ മത്സരവും തലയ്ക്കടിയും സാമൂഹിക മാധ്യമങ്ങളിൽ പാറിക്കളിയ്ക്കാൻ തുടങ്ങിയത്. ഇപ്പോൾ അതു പറന്നു ചെല്ലാത്ത ഇടം ഇല്ലെന്ന സ്ഥിതിയായിരിക്കുന്നു. ഒപ്പം, അല്ലേലും സിപിഐക്ക് അടിയുടെ ആവശ്യമുണ്ടന്നു കമന്റും പാസാവുന്നുണ്ട്. അടി ഏറ്റെങ്കിലും ഇല്ലെങ്കിലും സി.പി.ഐ. അംഗം നന്നായി പേടിച്ചെന്നു വീഡിയോ ദൃശ്യങ്ങളിൽ പ്രകടമായിട്ടുണ്ട്.







