ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിലക് നഗറില്‍ 21 കാരിയായ മോഡലിനെ ജിം ട്രെയിനര്‍ കുത്തിക്കൊലപ്പെടുത്തി. വിദ്യാര്‍ഥിനിയായ മുസ്‌കാന്‍ ആണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. വീട്ടില്‍ മുസ്‌കാന്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് കൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. മുസ്‌കാന്റെ ജിം ട്രെയിനറായ ഇമ്രാന്‍ എന്നയാളാണ് അക്രമത്തിന് പിന്നില്‍. യുവതിയെ ആക്രമിച്ചശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട മുസ്‌കാനായി തെരച്ചില്‍ ശക്തമാക്കി. മുസ്‌കാന്റെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടന്ന അവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുസ്‌കാനും ഇമ്രാനും തമ്മില്‍ ഒന്നര വര്‍ഷത്തോളമായി പരിചയമുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇമ്രാന്‍ മുന്‍പും മുസ്‌കാനെ ഉപദ്രവിച്ചിരുന്നതായി സഹോദരിമാര്‍ പറഞ്ഞിട്ടുണ്ടെന്നും, അതുകൊണ്ടാണ് സംശയം ഇയാളിലേക്ക് നീളുന്നതെന്നും സുഹൃത്ത് പ്രതികരിച്ചു. വാടകവീട്ടില്‍ മുസ്‌കാന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൂന്ന് സഹോദരിമാരില്‍ ഏറ്റവും ഇളയാളായിരുന്നു മുസ്‌കാന്‍. പ്രതിയെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട യുവതിയുടെ ഫോണും പൊലീസ് പരിശോധിച്ചു വരികയാണ്.








