നേപ്പാളിൽ മിന്നൽ പ്രളയം; എട്ടു പേർ മരിച്ചു, 105 ഇന്ത്യക്കാർ ഉൾപ്പെടെ 291 വിദേശികളെ കാണാനില്ല, കനത്ത നാശനഷ്ടം

കാഠ്മണ്ഡു: നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ എട്ടു പേർ മരിച്ചു. നൂറിലേറെ ഇന്ത്യക്കാരുൾപ്പെടെ നിരവധി പേരെ കാണാനില്ല. കാണാതായ 291 വിദേശപൗരന്മാരിൽ 105 പേർ ഇന്ത്യക്കാരാണ്. പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തിൽപ്പെട്ടതെന്നാണ്വിവരം. മൂന്ന് അമേരിക്കൻ പൗരന്മാരും മലേഷ്യയിൽനിന്നുള്ള 17 പേരും ബ്രിട്ടനിൽനിന്നുള്ള 12 പേരും ദക്ഷിണാഫ്രിക്കയിൽനിന്നുള്ള നാലുപേരും ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും കാണാതായവരിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ കാണാതായ മറ്റു 103 പേരുടെ രാജ്യം ഏതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച രാവിലെ ഒൻപതോടെ ഭോട്ടെ കോശി നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതോടെയാണ് മിന്നൽപ്രളയം സംഭവിച്ചത്.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു. പ്രളയത്തിൽ ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നു. തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിർത്തിപ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. പ്രളയത്തിൽ നേപ്പാൾ ചൈന വ്യാപാരപാതയിലെ തന്ത്രപ്രധാനമായ പാലങ്ങളും കേന്ദ്രങ്ങളും ഒലിച്ചുപോയി. പ്രദേശത്ത് പ്രവർത്തിച്ചിരുന്ന എട്ട് ഹൈഡ്രോ പവർ പ്രൊജക്റ്റുകൾക്കും അഞ്ച് നിർമ്മാണ ഘട്ടത്തിലുള്ള പദ്ധതികൾക്കും വൻ നാശനഷ്‌ടമുണ്ടായി. റസൂവാഗഡി, സഞ്ചെൻ ഖോല, അപ്പർ തൃശൂലി തുടങ്ങിയ പ്രധാന വൈദ്യുത നിലയങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു. ഇതുവരെ 8 പേരുടെ മൃതദേഹങ്ങൾ നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നായി കണ്ടെടുത്തു. ഇതിൽ മൂന്ന് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ നുവാകോട്ട് ബിദൂർ മുൻസിപ്പാലിറ്റിക്ക് സമീപം ത്രിശൂലി നദിക്കരയിൽ നിന്നാണ് കണ്ടെത്തിയത്.
അടിയന്തിര സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. നേപ്പാൾ ആർമിയുടെ 12 ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page