കൊച്ചി: നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്ര വിവാഹിതയായി. സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് വിവാഹവിവരം പങ്കുവെച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹചിത്രങ്ങളും വീഡിയോയും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
‘ഈ മനുഷ്യനോടൊപ്പം എന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ കഴിയുമെന്നതിൽ ഞാൻ സന്തുഷ്ടയാണ്. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല’, നടി കുറിച്ചു. ഓണാശംസ അറിയിച്ചുള്ള പോസ്റ്റിൽ വിവാഹത്തിന് ആശംസ അറിയിച്ചവർക്ക് താരം നന്ദി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹവിവരം നടി പങ്കുവെച്ചത്. ശ്യാമിൻ സംവിധാനം ചെയ്ത കരിക്കിന്റെ ‘സാമർഥ്യശാസ്ത്ര’ത്തിലൂടെയാണ് നിലീൻ സാന്ദ്ര ശ്രദ്ധനേടിയത്. ‘കരിക്ക്’ വെബ് സീരീസിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നിലീൻ സാന്ദ്ര. സീരീസിന്റെ തിരക്കഥയും നിലീൻ സാന്ദ്രയുടേതായിരുന്നു. നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിൽ നായികാ വേഷത്തിലും അവരെത്തി. എറണാകുളം അരൂർ സ്വദേശിയാണ് നിലീൻ.
പിതാവ് ജൂഡി തഹസിൽദാർ ആയിരുന്നു. അമ്മ മേരി ഹൈക്കോടതി ജീവനക്കാരിയാണ്. ഒരു സഹോദരനാണ് നിലീനുള്ളത്.








