മണ്ഡ്യ: ജീവിതം മുഴുവന്‍ ഭിക്ഷയെടുത്ത് കഴിഞ്ഞ കര്‍ണാടക സ്വദേശിനിയുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപ. മണ്ഡ്യ സ്വദേശിനിയായ 69 കാരി ഹൂര്‍ ആണ് മരിച്ചത്. ഇവരുടെ വീട്ടില്‍ 30 ലേറെ ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു 8.40 ലക്ഷം രൂപ കണ്ടെത്തിയത്. പ്രായാധിക്യത്തെ തുടര്‍ന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ഹൂര്‍ മരിച്ചതിന് പിന്നാലെയാണ് നാട്ടുകാര്‍ വീട്ടില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ചാക്കുകളില്‍ നിറച്ച നിലയില്‍ ആയിരക്കണക്കിന് നാണയങ്ങളും 10, 20, 50 രൂപയുടെ നോട്ടുകളും കണ്ടെത്തുകയായിരുന്നു. എണ്ണല്‍ വൈകീട്ടുവരെ നീണ്ടു. പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് ആകെ 8,40,000 രൂപയുണ്ടെന്ന് വ്യക്തമായത്. രണ്ട് വര്‍ഷം മുന്‍പ് മരിച്ച സഹോദരിക്കൊപ്പമായിരുന്നു ഹൂര്‍ വാടകവീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും വിവാഹിതരായിരുന്നില്ല. ജീവിതച്ചെലവുകള്‍ക്കായി ഭിക്ഷയെടുത്തിരുന്ന ഹൂര്‍, ലഭിച്ച പണം വര്‍ഷങ്ങളായി ഇത്തരത്തില്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്നു. നാട്ടുകാരും നേതാക്കളും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് പണം സഹോദരങ്ങള്‍ക്ക് കൈമാറി. ഒരാള്‍ക്ക് 6 ലക്ഷം രൂപയും മറ്റൊരാള്‍ക്ക് 2.40 ലക്ഷം രൂപയും ലഭിച്ചു. ഇതില്‍ 2.40 ലക്ഷം രൂപ ലഭിച്ച സഹോദരന്‍ ആ തുക ഒരു പള്ളിക്ക് സംഭാവന ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിതത്തില്‍ ഒരിക്കല്‍പോലും തിരിഞ്ഞുനോക്കാത്തവര്‍ അവകാശികളായെത്തിയതില്‍ നാട്ടുകാരില്‍ എതിര്‍പ്പുണ്ടായിരുന്നു. ജീവിതം മുഴുവന്‍ ചെറിയ തുകകള്‍ ശേഖരിച്ച ഒരു ഭിക്ഷക്കാരിയുടെ വീട്ടില്‍ നിന്ന് ഇത്രയും വലിയ തുക കണ്ടെത്തിയത് നാട്ടുകാരിലും കൗതുകമുണര്‍ത്തി. പണം കണ്ടെത്തി എണ്ണുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവം ശ്രദ്ധ നേടി.








