കാസര്‍കോട്: ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം കാരണം 17 കാരനെ മര്‍ദ്ദിക്കുകയും ശേഷം സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവതിക്കും സുഹൃത്തിനുമെതിരേ ബദിയടുക്ക പൊലീസ് കേസെടുത്തു. ബദിയടുക്ക സ്വദേശിയായ കൗമാരക്കാരന്റെ പരാതിയില്‍ പുഷ്പ എന്ന സ്ത്രീക്കെതിരെയും സുഹൃത്തിനുമെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. നബിദിനത്തിന്റെ ഭാഗമായി ബദിയടുക്ക ടൗണില്‍ കൊടിതോരണങ്ങള്‍ അലങ്കരിക്കുന്നതിനിടെയാണ് സംഭവം. മീന്‍ മാര്‍ക്കറ്റിന് സമീപത്തുവച്ച് ബൈക്കിലെത്തിയ പ്രതികള്‍ തടഞ്ഞു നിര്‍ത്തി കൈകൊണ്ട് അടിച്ചുപരിക്കേല്‍പിക്കുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്‌തെന്നാണ് പരാതി. ബദിയടുക്ക ടൗണില്‍ ബൈക്ക് റൈസ് നടത്തുമ്പോള്‍ ഇവര്‍ തിരിഞ്ഞുനോക്കിയതിലുള്ള വിരോധം കാരണമാണ് അക്രമം നടത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.







