കാസര്‍കോട്: ഭിന്നശേഷിക്കാരെ സമൂഹമധ്യത്തില്‍ അവഹേളിക്കുകയും അവരുടെ വൈകല്യത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ഉള്‍പ്പെടുത്തി വീഡിയോ നിര്‍മിച്ച് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു എന്ന പരാതിയില്‍ കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. കൊട്ടോടി പെരുമ്പള്ളി സ്വദേശിയും വോയ് ഓഫ് ഡിസേബിള്‍ഡ് കേരള സ്റ്റേറ്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ കെ കെ ബാലകൃഷ്ണന് നല്കിയ പരാതിയിലാണ് നടപടി. റൈറ്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസേബിലിറ്റീസ് ആക്ട്, 2016-ലെ 92(എ) വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലെ ‘അമീന് കാസ്’ എന്ന അക്കൗണ്ടിലൂടെ ഈമാസം 11 മുതല്‍ 21 വരെ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.







