കാസര്‍കോട്: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച ഓണാഘോഷം നടക്കുന്നതിനിടയില്‍ സ്‌കൂളിന് പുറത്തുണ്ടായ അക്രമത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ഈ സാഹചര്യത്തില്‍ കുറ്റാരോപിതരായ കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അച്ചടക്ക സമിതി യോഗം തീരുമാനിച്ചു.
ഡ്രസ് കോഡിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ഥികളില്‍ ചിലരാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ അക്രമിച്ചത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് എസ്.ഐ. അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്‌കൂളിലെത്തിയിരുന്നു. അക്രമത്തില്‍ പരിക്കേറ്റ നാല് കുട്ടികള്‍ ചികിത്സ തേടിയിരുന്നു. കുട്ടികളുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. യോഗത്തില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.കെ.വിനോദ് കുമാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ശൈലജ കെ. ഗോപാലന്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ചട്ടഞ്ചാല്‍, മജീദ് ബണ്ടിച്ചാല്‍, എന്‍. ഉണ്ണികൃഷ്ണന്‍, എ. സുനിത തുടങ്ങിയവര്‍ സംസാരിച്ചു.







