കാസര്‍കോട്: സ്വന്തം വീട് വാറ്റ് കേന്ദ്രമാക്കിയ കേസില്‍ ഉടമ അറസ്റ്റില്‍. വീട്ടില്‍ നിന്ന് വാറ്റ് ചാരായവും വാഷും പിടിച്ചെടുത്തു. വെള്ളരിക്കുണ്ട് കനകപ്പള്ളി തട്ട് സ്വദേശി കെ കുഞ്ഞികൃഷ്ണന്‍(54) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ വി സുരേഷും സംഘവും നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 100 ലിറ്റര്‍ വാഷും രണ്ട് ലിറ്റര്‍ വാറ്റ് ചാരായവും പിടികൂടിയത്. തൊണ്ടി സാധനങ്ങളും പ്രതിയെയും തുടര്‍നടപടികള്‍ക്കായി നീലേശ്വരം എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. ഉദ്യോഗസ്ഥരായ വി റീന, പ്രശാന്ത് കുമാര്‍, അനീഷ് കുമാര്‍, വിപിന്‍കുമാര്‍, ഡ്രൈവര്‍ ശ്രീജേഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.







