ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുണ്ടായ ബസ് അപകടത്തില്‍ നഴ്‌സിങ് വിദ്യാര്‍ഥിയടക്കം 3 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്ക്. മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ 19 പേര്‍ മലയാളി വിദ്യാര്‍ത്ഥിനികളാണ്. എന്നാല്‍ ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ഡ്രൈവര്‍ ഗുരുപ്രസാദും ക്ലീനര്‍ ശങ്കറും ഒരു വിദ്യാര്‍ഥിനിയുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്. ദേശീയപാത 48 ല്‍ അയ്മംഗല പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് അപകടമുണ്ടായത്. ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബന്നാര്‍ഘട്ട റോഡിലെ യൂണിവേഴ്‌സല്‍ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ആകെ 53 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ 26 പേരില്‍ 19 പേരും മലയാളികളാണ്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബസിന്റെ ജനാലകള്‍ തകര്‍ത്ത് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകട സമയത്ത് മിക്കവരും ഉറക്കത്തിലായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.








