ചെന്നൈ: രോഗിയായ മാതാവിനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് 44കാരനായ മകന്‍ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ആണ് സംഭവം. എസ് പദ്മാവതി (71) ആണ് കൊല്ലപ്പെട്ടത്. മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
മനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ കരാര്‍ ജീവനക്കാരനാണ് പ്രതി. ആദ്യം അപകടമാണെന്നാണ് കരുതിയതെങ്കിലും, സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീല്‍ചെയര്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വില്‍ചെയറിലിരുന്ന ഒരു സ്ത്രീയെ ട്രെയിനിന് മുന്നിലേക്ക് പാര്‍ത്ഥസാരഥി തള്ളിയിടുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് തന്നെ ഈ കൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
പദ്മാവതിക്ക് ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗമുണ്ടായിരുന്നു. അവരെയും ശാരീരിക ബുദ്ധിമുട്ടുകളുള്ള സഹോദരനെയും പരിപാലിക്കേണ്ട ഉത്തരവാദിത്തം പാര്‍ത്ഥസാരഥിക്കായിരുന്നു. ഇയാള്‍ക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം 12,000 രൂപയാണ്. ഇതുകൊണ്ട് കുടുംബം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട്, സംസാരശേഷിയില്ലാത്ത മാതാവിനെ വീല്‍ചെയറില്‍ ഇരുത്തി ഇയാള്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെത്തിച്ചു. യലഗിരി എക്‌സ്പ്രസ് പാഞ്ഞുവന്നപ്പോള്‍ വീല്‍ചെയറോടെ മാതാവിനെ പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ഏറ്റവും ഇളയ മകനാണ് പാര്‍ത്ഥസാരഥി. കടുത്ത മദ്യപാനിയായ ഇയാളുടെ അടുത്തു നിന്നും ഭാര്യയും മക്കളും മാറി വേറെ വീട്ടിലാണ് താമസം. കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.








