ഓട്ടോയില്‍ എംഡിഎംഎ കടത്തി; മംഗളൂരുവില്‍ വൊര്‍ക്കാടി സ്വദേശി പിടിയില്‍, കദ്രിയില്‍ ഒന്നേകാല്‍കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ട് വ്യത്യസ്ത കേസുകളില്‍ മംഗളൂരു സിറ്റി പൊലീസ് രണ്ട് മലയാളികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച പമ്പുവെല്ലില്‍ നടന്ന വാഹനപരിശോധനയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് 13.69 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വൊര്‍ക്കടി സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദി(30)നെ അറസ്റ്റുചെയ്തു. ഇയാള്‍ സഞ്ചരിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റുരേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈമാസം 17 ന് സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന റെയ്ഡില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവെത്തിച്ചുകൊടുക്കുന്ന മലയാളിയെ പിടികൂടി. കണ്ണൂര്‍ സ്വദേശിയും മംഗളൂരുവിലെ കൊഞ്ചാടിയില്‍ താമസക്കാരനുമായ നിതിന്‍ കൃഷ്ണന്‍(27) ആണ് പിടിയിലായത്. കദ്രിയിലെ പടവിലെ ഒരു ആയുര്‍വേദ ക്ലിനിക്കില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു യുവാവ്. കഞ്ചാവ് ഉപയോഗിച്ചതിന് അറസ്റ്റിലായ മറ്റൊരു പ്രതിയായ അശ്വിന്‍ സേവ്യര്‍ (24)നെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നിതിന്‍ കൃഷ്ണയെ പിടികൂടിയത്. 1.206 കിലോ കഞ്ചാവാണ് യുവാവില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page