ഇടുക്കി: സഹപാഠികള്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അധ്യാപകര്‍ക്കു നല്‍കിയ വിരോധത്തില്‍ വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം അടിച്ചു തകര്‍ത്തതായി പരാതി. തൊടുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ അണക്കര സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ലാപ്‌ടോപ്പ് -മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയാണ് ആശുപത്രിയില്‍ കഴിയുന്നത്. ഈ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 11 വിദ്യാര്‍ത്ഥികള്‍ സ്ഥാപന അധികൃതര്‍ ഏര്‍പ്പാടാക്കി നല്‍കിയ ഒരു വീട്ടിലാണ് താമസം. ഇവിടെ വച്ചാണ് മൂന്നുപേര്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നത്. ഇക്കാര്യം അണക്കര സ്വദേശിയായ വിദ്യാര്‍ത്ഥി അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരമാണ് കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയത്. ഈ വിവരം അറിഞ്ഞാണ് മൂന്നംഗ സംഘം വിദ്യാര്‍ത്ഥിയെ ക്രൂരമായ മര്‍ദ്ദനത്തിനു ഇരയാക്കിയത്.








