സ്വര്‍ണ വ്യാപാരിയെയും കുടുംബത്തേയും ആക്രമിച്ച് കാർ തട്ടിയെടുത്ത് സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസ്; മുഖ്യപ്രതി അറസ്റ്റില്‍, പൊലീസിന്റെ വലയില്‍ കുരുങ്ങിയത് കര്‍ണ്ണാടകയിലേയ്ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍

പയ്യന്നൂര്‍: സ്വര്‍ണ്ണവ്യാപാരിയെയും കുടുംബത്തേയും ആക്രമിച്ച് കാർ തട്ടി കൊണ്ടുപോയി സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കണ്ണൂര്‍, ചൊക്ലി, നെടുമ്പം, നുച്ചിക്കാടിന്റവിട ജെ ആര്‍ അഭിനവി (27)നെയാണ് പയ്യന്നൂര്‍ ഡിവൈ. എസ് പി പി കെ മണിയുടെ മേല്‍നോട്ടത്തില്‍ സി ഐ മഹേഷ്, കെ നായരും സംഘവും അറസ്റ്റു ചെയ്തത്. കര്‍ണ്ണാടകയിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ഇന്ന് (ബുധന്‍) പുലര്‍ച്ചെയോടെ ഇരിട്ടിയില്‍ വച്ചാണ് അഭിനവ് പൊലീസിന്റെ പിടിയിലായത്. ഹൈവേ കേന്ദ്രീകരിച്ച് നടന്ന നിരവധി കൊള്ളക്കേസുകളില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന.
ജൂണ്‍ ഒന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരിയില്‍ താമസിച്ച് സ്വര്‍ണ്ണ വ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കുമാര്‍ കലന്തര്‍ നിഗമിനെയും കുടുംബത്തെയും ആക്രമിച്ച് കാര്‍ തട്ടികൊണ്ടുപോയി 30 പവന്‍ സ്വര്‍ണ്ണവും ഒന്നരക്കോടി രൂപയും കൊള്ളയടിച്ചുവെന്നാണ് പയ്യന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. മഹാരാഷ്ട്രയില്‍ നിന്നു തലശ്ശേരിയിലേയ്ക്കു പോവുകയായിരുന്ന കുടുംബത്തെ പയ്യന്നൂര്‍ എടാട്ട് വച്ച് ആക്രമിച്ചാണ് കാര്‍ തട്ടിയെടുത്തത്. സ്വര്‍ണ്ണവും പണവും കൈക്കലാക്കിയ ശേഷം കാര്‍ പിലാത്തറ സഹകരണ കോളേജിന് സമീപത്ത് ഉപേക്ഷിച്ചാണ് കൊള്ള സംഘം കടന്നു കളഞ്ഞത്.
ഇപ്പോള്‍ അറസ്റ്റിലായ അഭിനവ് സി പി എം പ്രവര്‍ത്തകനാണ്. കേസില്‍ ബി ജെ പി പ്രവര്‍ത്തകനായ പാറക്കടവ് സ്വദേശി സനു സന്തോഷ് (42)ആണ് ആദ്യം അറസ്റ്റിലായത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി പി എം പ്രവര്‍ത്തകന്‍ മാലൂര്‍, കുണ്ടേരി പൊയില്‍വയല്‍ ഹൗസില്‍ അശ്വന്ത് (26), ബി ജെ പി പ്രവര്‍ത്തകന്‍ കണ്ണപുരം, ചെറുകുന്ന് പൂങ്കാവിലെ എ ജിജില്‍ (36) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
എസ് പി യുടെ സ്‌ക്വാഡിലെ എ എസ് ഐ മാരായ സയ്യിദ്, ശ്രീകാന്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ എം ഷിനോജ്, കെ ജെ ദേവന്‍, നൗഫല്‍ അഞ്ചില്ലത്ത്, അഷ്‌റഫ്, ഷിജിത്ത് എന്നിവരും അഭിനവിനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page