പാറ്റ്‌ന: സ്‌കൂളില്‍ സോപ്പുപൊടികലര്‍ന്ന ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് 34 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ നളന്ദ ജില്ലയിലെ നൂര്‍സരായി ബ്ലോക്കിലെ പരാസിയിലെ മിഡില്‍ സ്‌കൂളില്‍ ആണ് സംഭവം. സോയാബീന്‍ അരി അടങ്ങിയ ഉച്ചഭക്ഷണം പുറത്തുള്ള ഒരു കമ്പനിയാണ് വിതരണം ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ ശൈലേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു. സ്‌കൂളിലെ പാചകക്കാരിയുടെ കൊച്ചുമകളായ വിദ്യാര്‍ഥിനി അധികം ഉപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാചകക്കാരി അബദ്ധത്തില്‍ ഉപ്പിന് പകരം ഡിറ്റര്‍ജന്റ് പൊടി എടുത്ത് കുട്ടിയുടെ ഭക്ഷണത്തില്‍ ചേര്‍ക്കുകയായിരുന്നു. പാചകക്കാരി തന്റെ കൊച്ചുമകള്‍ക്ക് മാത്രം ഭക്ഷണം നല്‍കുന്നത് കണ്ട മറ്റ് വിദ്യാര്‍ഥികളും അധികം ഉപ്പ് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്കും ഡിറ്റര്‍ജന്റ് പൊടി ചേര്‍ത്ത ഭക്ഷണം കൊടുത്തു. അരമണിക്കൂറിന് ശേഷം ചില വിദ്യാര്‍ഥികള്‍ക്ക് തൊണ്ടയിലും വയറിലും വേദന അനുഭവപ്പെടുന്നതായി പരാതി ഉയര്‍ന്നു. ഇതോടെയാണ് ഭക്ഷണത്തില്‍ ഡിറ്റര്‍ജന്റ് പൊടി കലര്‍ന്ന വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. ഉപ്പും സോപ്പുപൊടിയും നിറച്ച പാത്രങ്ങള്‍ അടുക്കളയില്‍ ഒരേ സ്ഥലത്ത് സൂക്ഷിച്ചിരുന്നതായും പാചകക്കാരി ഡിറ്റര്‍ജന്റ് ഉപ്പാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണത്തില്‍ ചേര്‍ത്തതായും നാട്ടുകാര്‍ പറഞ്ഞു. നൂര്‍സരായ് ബ്ലോക്കുകളിലെ 206 സ്‌കൂളുകളിലായി ഏകദേശം 23,000 കുട്ടികള്‍ക്ക് ഈ ഫൗണ്ടേഷന്റെ കേന്ദ്രീകൃത അടുക്കളയില്‍നിന്ന് ദിവസവും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും ജില്ലാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനിടെ വിദ്യാഭ്യാസ വകുപ്പിലെയും പ്രാദേശിക ഭരണകൂടത്തിലെയും ഉദ്യോഗസ്ഥര്‍ കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ബീഹാര്‍ ഗ്രാമവികസന മന്ത്രി ശ്രാവണ്‍ കുമാര്‍ ആശുപത്രി സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളെ കണ്ടു. അവരുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം ഡോക്ടര്‍മാരുമായും സംസാരിച്ചു.








