കൊച്ചി: നടിയും മോഡലുമായ അര്‍ച്ചന രവിയും യുവ നിര്‍മാതാവുമായ ആന്റണി ഷോണും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ അര്‍ച്ചന തന്നെയാണ് ഈവാര്‍ത്ത പങ്കുവച്ചത്. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും ഉറപ്പീര് ചടങ്ങ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇരുവരും വിവാഹക്കാര്യം പരസ്യമാക്കിയത്.
മലയാളം, തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അര്‍ച്ചന രവി തമിഴില്‍ അട്ടൂ, നീ ഫോര്‍ എവര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ മോഡലിങ്, സംരംഭകത്വം എന്നീ മേഖലകളിലും ശ്രദ്ധേയയായ വ്യക്തിയാണ്. മോഡലിങ് രംഗത്ത് ഇന്ത്യയെയും കേരളത്തെയും പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്‌കാരങ്ങള്‍ അര്‍ച്ചന സ്വന്തമാക്കിയിട്ടുണ്ട്. സിനിമാ നിര്‍മാതാവെന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ ശ്രദ്ധ നേടിയ വ്യക്തിയാണ് ആന്റണി ഷോണ്‍. ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, പ്രേക്ഷകപ്രശംസ നേടിയ ‘ജാന്‍ എ മന്‍’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മാണ പങ്കാളിയാണ് ആന്റണി.








