കാസര്‍കോട്: തെക്കില്‍ ദേശീയ പാതയില്‍ റോഡരികിലെ തോട്ടില്‍ മലിന ജലം ഒഴുക്കിയ ടാങ്കര്‍ ലോറി ഡ്രൈവറെ മേല്‍പറമ്പ് പൊലീസ് കയ്യോടെ പിടികൂടി. മാലിന്യം തള്ളാനെത്തിച്ച ലോറി കസ്റ്റഡിയിലെടുത്തു. ഉപ്പള മുളിഞ്ച സ്വദേശി അബ്ദുല്‍ റഹ്‌മാന(34)ണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ലോറില്‍ നിന്ന് മലിന്യം തള്ളുന്നത് കണ്ട നാട്ടുകാരിലൊരാളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എന്‍പി രാഘവന്റെ നേതൃത്വത്തില്‍ മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി. ലോറിയില്‍ നിന്ന് പൈപ്പ് വഴി തോട്ടിലേക്ക് മലിന ജലം ഒഴുക്കിവിടുന്നത് കണ്ട പൊലീസ് വാള്‍വ് ഓഫ് ചെയ്യാന്‍ ഡ്രൈവറോട് നിര്‍ദേശിച്ചു. പരിശോധനയില്‍ മാലിന്യം കടത്താനുള്ള യാതൊരു രേഖകളും ഡ്രൈവറുടെ കൈവശമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലില്‍ ബേക്കലിലെ ഒരു ഹോട്ടിലില്‍ നിന്നാണ് മലിനജലം കൊണ്ടുവന്നതെന്ന് ഡ്രൈവര്‍ സമ്മതിച്ചു. അനധികൃതമായി മലിനജലം കടത്തിയതിനും, ജീവന് അപകടമായരോഗങ്ങള്‍ പരത്തും എന്ന അറിവോടെ തോട്ടില്‍ മലിനജലം ഒഴുക്കിയതിനും ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് നോട്ടീസ് നല്‍കി ജാമ്യത്തില്‍ വിട്ടു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാരായ പ്രസാദ്, സജിത്ത്, ലൈജു എന്നിവരും മലിനജലം തള്ളുന്നത് പിടികൂടാനെത്തിയ സംഘത്തിലുണ്ടായിരുന്നു.







