ആലപ്പുഴ കരുവാറ്റയില്‍ 67 കാരന്റെ കൊലപാതകം; ക്വട്ടേഷന്‍ നല്‍കിയത് ബന്ധുവായ 13 കാരി, കൊല നടത്തിയത് ഇതിനു വേണ്ടി

ആലപ്പുഴ: കരുവാറ്റയില്‍ 67കാരനായ ശിവന്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. സംഭവത്തില്‍ 13 വയസുകാരി ഉള്‍പ്പെടെ നാല് പ്രായപൂര്‍ത്തിയാകാത്തവരെ പൊലീസ് അറസ്റ്റുചെയ്തു. കൊലപാതക ദൃശ്യം പ്രതികള്‍ വീഡിയോ കോളിലൂടെ പെണ്‍കുട്ടിയെ കാട്ടിക്കൊടുത്തതായാണ് പൊലീസ് പറയുന്നത്. പ്രതികള്‍ കൊല്ലം സ്വദേശികളാണ്. കൊലപാകത്തിനുശേഷം വീട്ടിലുണ്ടായ സ്വര്‍ണം മോഷ്ടിക്കുകയും ചെയ്തു.
സ്വര്‍ണം വിറ്റ് പെണ്‍കുട്ടിക്ക് ഐ ഫോണും പ്രതികള്‍ക്ക് ബൈക്കും വാങ്ങാനാണ് ലക്ഷ്യമിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. രാത്രി സ്ഥലത്തെത്തിയ പ്രതികള്‍ കുളിമുറിയുടെ വെന്റിലേഷന്‍ വഴിയാണ് അകത്തുകയറിയത്. കൈകാലുകള്‍കൂട്ടിക്കെട്ടി അതിക്രൂരമായി ശിവന്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ ലൈവ് വിഡിയോ പെണ്‍കുട്ടിക്ക് അയച്ചു നല്‍കിയിരുന്നു. ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. ശിവന്‍കുട്ടിയുടെ മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയും മകള്‍ക്കൊപ്പമായിരുന്നു. ഇതോടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. സംഭവദിവസം പരീക്ഷയുണ്ടെന്ന് പറഞ്ഞ് ബന്ധുവീട്ടില്‍നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയാണ് പിന്നീട് തിരിച്ചുവീട്ടിലെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലാണെന്നും മുത്തച്ഛന്‍ മരിച്ചുകിടക്കുകയാണെന്നും കുട്ടി മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിക്ക് നേരെ പൊലീസിന് സംശയമുണ്ടായിരുന്നില്ല. എന്നാല്‍ മൃതദേഹം നേരിട്ട് കണ്ടിട്ടും കുട്ടിയുടെ പെരുമാറ്റത്തില്‍ കാര്യമായ ഭാവവ്യത്യാസമില്ലാത്തതും പിന്നീട് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോകണമെന്ന് ആവശ്യപ്പെട്ടതും അന്വേഷണ സംഘത്തില്‍ സംശയം ഉയര്‍ത്തി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.
ശിവന്‍കുട്ടിയുടെ മൃതദേഹം കൈകാലുകള്‍ ബന്ധിച്ച നിലയിലും വിവസ്ത്രനായ നിലയിലുമാണ് കണ്ടെത്തിയത്. വീട്ടിനുള്ളില്‍ മുളകുപൊടി വിതറിയ നിലയിലായിരുന്നു. വീട്ടില്‍നിന്ന് ഏകദേശം ആറുപവന്‍ സ്വര്‍ണം കാണാതായതായും പൊലീസ് കണ്ടെത്തി. ശ്വാസംമുട്ടിച്ചാണ് ശിവന്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page